ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ നിയമഭേദഗതി ബില്ല് (എഫ്സിആർഎ) സംബന്ധിച്ച തങ്ങളുടെ നിർദേശങ്ങൾ 12ന് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സംയുക്ത പാർലമെന്ററി സമിതി (ജെപിസി) മുന്പാകെ സമർപ്പിക്കും.
സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കൊയിക്കൽ, ജോസ്ലിൻ മാർട്ടിൻ, ജോർജ് കുരുവിള എന്നിവരടങ്ങുന്ന പ്രതിനിധിസംഘമാണ് 12ന് ഉച്ചകഴിഞ്ഞു 3.30ന് ജെപിസിയുമായി കൂടിക്കാഴ്ച നടത്തുക.
പാർലമെന്ററി സമിതിക്കു മുന്നിലുള്ള ബില്ലിന്മേൽ കൂടുതൽ കക്ഷികളിൽനിന്ന് അഭിപ്രായം തേടുമെന്നും നിർദേശങ്ങൾ സ്വീകരിക്കുമെന്നും ജെപിസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണു സിബിസിഐ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ബില്ലിലെ ഭരണഘടനാവിരുദ്ധ നിലപാടുകൾ പൂർണമായും ഇല്ലാതാക്കണമെന്ന് സമിതിക്കുമുന്നിൽ സിബിസിഐ ആവശ്യപ്പെടും. കൂടാതെ 2010 മുതൽ ബില്ലിൽ കൊണ്ടുവന്നിരിക്കുന്ന വിവാദ ഭേദഗതികൾ ഒഴിവാക്കുന്നത് അടക്കമുള്ള വിഷയങ്ങളും ഉന്നയിക്കും.
ആസ്തികൾ പൂർണമായും പിടിച്ചെടുക്കാൻ അധികാരം നൽകുന്ന വിവാദ വ്യവസ്ഥകൾ സംബന്ധിച്ച ആശങ്കകളും സിബിസിഐ ജെപിസിമുന്പാകെ ബോധിപ്പിക്കും.