കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ ഫോണിലെ ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിലെ ഡാറ്റ വീണ്ടെടുക്കാന്‍ അന്വേഷണസംഘം വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
അപകടസമയത്തു പ്രതിയായ കൗമാരക്കാരന് ഓടിച്ചിരുന്ന ആഡംബര കാര്‍ മണിക്കൂറില്‍ 104 കിലോമീറ്ററിലധികം വേഗതത്തിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു വ്യക്തമാക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ 17കാരന്റെ ഫോണില്‍ തന്നെയുണ്ടെന്നാണ് സൂചന. ഇതിനുമുന്‍പും ഇയാൾ 208 കിലോമീറ്റര്‍ വേഗതയില്‍ വണ്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ടെന്നാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണം. ഈ വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലിസ് പരിശോധിക്കും.