National
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ആവശ്യപ്പെട്ട് ടിവികെ എംഎൽഎ. അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്നാടിന് നൽകണമെന്നാണ് ആവശ്യം.
കമ്പം എംഎൽഎ ജഗനാഥ് മിശ്രയാണ് ആവശ്യം ഉന്നയിച്ചത്. ഡാമിലെ നിലവിലെ സംഭരണ ശേഷി കൂട്ടരുതെന്നും ടിവികെ എംഎൽഎ ആവശ്യപ്പെട്ടു.
നിലവിലെ സംഭരണ ശേഷി വർധിപ്പിക്കേണ്ടതില്ല. നിലവിലെ സാഹചര്യത്തിൽ ഡാം നിറയുമ്പോൾ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഇത് തമിഴ്നാട്ടിലേക്ക് ഒഴുക്കണമെന്നാണ് ജഗനാഥ് മിശ്ര ആവശ്യമുന്നയിച്ചത്.
Kerala
മലപ്പുറം: ഫോൺവിളി വിവാദത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് മുൻ എംഎൽഎ പി.വി. അൻവർ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അൻവർ കത്ത് നൽകി.
സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന വേണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയിലും പുനരന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടിൽ വീഴ്ച്ചയുണ്ട്. ഹാജരാകാനുള്ള നോട്ടീസ് പോലും എസ്ഐടി നൽകിയില്ല. എസ്ഐടി അന്വേഷണത്തിലും പുനഃപരിശോധനക്ക് ഉത്തരവിടണമെന്നും സുജിത്ത് ദാസിനെതിരെ ക്രിമിനൽ നടപടി വേണമെന്നും പി.വി. അൻവർ ആവശ്യപ്പെടുന്നു.
Kerala
കാസര്‍ഗോഡ്: പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തോല്‍വിക്കു പ്രധാന കാരണമായതായും കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടിതന്നെ അവസാനിക്കുമെന്നും സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റിയിൽ രൂക്ഷവിമര്‍ശനം.
എം.വി. ഗോവിന്ദന് നേതൃസ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹം പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കുമെന്നും ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തു.
കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നേതാക്കളുടെ പെട്ടി ചുമക്കുന്ന അമുല്‍ ബേബിയാണെന്നും, പി. ജയരാജനും കെ.കെ. ശൈലജയും നേതൃസ്ഥാനത്തേക്കു വരണമെന്നും ആവശ്യമുയര്‍ന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ട സമിതി ജൂലൈ ആദ്യം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.
169 സീറ്റിൽ മത്സരിച്ചെങ്കിലും 59 സീറ്റ് മാത്രമാണ് ഡിഎംകെയ്ക്കു ലഭിച്ചത്.
International
ലണ്ടൻ: എപ്സ്റ്റീൻ ബന്ധമുള്ള പീറ്റർ മാൻഡൽസണിനെ യുഎസ് അംബസഡറായി നിയമിച്ചതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ രാജിക്കായി വീണ്ടും ശബ്ദമുയർത്തി പ്രതിപക്ഷം.
മാൻഡൽസണിന്റെ പശ്ചാത്തലം പരിശോധിക്കാതെയാണ് സ്റ്റാർമർ സർക്കാർ നിയമനം നല്‍കിയതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണിത്.
ദേശസുരക്ഷയെ വഞ്ചിച്ച സ്റ്റാർമർ രാജിവയ്ക്കണമെന്ന് മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് കിമി ബാഡനോക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു. പാർലമെന്റിനെയും ബ്രിട്ടീഷ് ജനതയെയും തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും ആവശ്യപ്പെട്ടു.
അതേസമയം, പശ്ചാത്തല പരിശോധനയിലുണ്ടായ വീഴ്ചയെക്കുറിച്ച് സ്റ്റാർമറിനോ വിദേശകാര്യമന്ത്രിക്കോ അറിവുണ്ടായിരുന്നില്ലെന്ന് സർക്കാർ വക്താവ് പ്രതികരിച്ചു.
2024ലാണ് മാൻഡൽസൺ യുഎസ് അംബാസഡറായി നിയമിക്കപ്പെട്ടത്. ജയിലിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യം പുറത്തുവന്നതോടെ മാൻഡൽസണിനു രാജിവയ്ക്കേണ്ടിവന്നു.
ഫെബ്രുവരിയിൽ ബ്രിട്ടീഷ് പോലീസ് മാൻഡൽസണിനെ അധികാര ദുർവിനിയോഗത്തിന് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
Kerala
വടകര: തെറ്റായ വിവരങ്ങളും അശ്ലീലവും ദ്വയാര്‍ഥ പ്രയോഗങ്ങളും ഉപയോഗിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരേ നടപടി തേടി യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥിയായ കെ.കെ. രമ രംഗത്ത്.
ചോമ്പാല്‍ ഹാര്‍ബറില്‍ സ്ഥാനാര്‍ഥിയെ തടഞ്ഞുവെന്ന് അവകാശപ്പെടുന്ന വീഡിയോയും പോസ്റ്റുകളും നിരവധി സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നു റൂറല്‍ എസ്പിക്കു നല്കിയ പരാതിയില്‍ കെ.കെ. രമ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ 24നു ഷെഡ്യൂള്‍ ചെയ്ത പരിപാടി സമാധാനപരമായും പൊതുജന സഹകരണത്തോടെയും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, നിര്‍മിതബുദ്ധിയടക്കം ഉപയോഗിച്ച് (എഐ) കെട്ടിച്ചമച്ച വാര്‍ത്ത ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണ്.
സ്ഥാനാര്‍ഥിയായ തന്നെയും താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ മുന്നണിയെയും അപകീര്‍ത്തിപ്പെടുത്തി തെറ്റായ വിവരണത്തിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുകയും തീരദേശ മേഖലയില്‍ ചേരിതിരിവുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കുകയുമാണ് ഇതിനു പിന്നില്‍.
പോസ്റ്റുകളുടെ ഉത്ഭവം കണ്ടെത്തി ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.കെ. രമ പരാതിയില്‍ ആവശ്യപ്പെട്ടു.
International
അബുദാബി: ഇറാന്റെ ഭീഷണികളെ പ്രതിരോധിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം സുഗമമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി യുഎഇ രംഗത്ത്. ഈ രാജ്യാന്തര സമുദ്ര ദൗത്യ സൈനികസഖ്യത്തിന്റെ ഭാഗമാകാൻ തങ്ങൾ തയാറാണെന്നും യുഎഇ വ്യക്തമാക്കി.
ദൗത്യത്തിനായി തങ്ങളുടെ നാവികസേനയെ ഏതുസമയവും വിട്ടുനൽകാൻ തയാറാണെന്നും അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും യുഎഇ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഹോർമുസിനായി കഴിയുന്നത്ര വിശാലമായ ഒരു രാജ്യാന്തര ദൗത്യസേന രൂപീകരിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാനെതിരേ യുദ്ധം ചെയ്യാനല്ല ഈ ദൗത്യസേനയെന്നും യുഎഇ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയ്ക്കെതിരേ ഇറാൻ യുദ്ധം ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന കടുത്ത നിലപാടിലാണ് യുഎഇ.
നാവികസേനയുടെ അകമ്പടിയില്ലാതെ കടലിടുക്ക് വീണ്ടും തുറക്കാൻ എളുപ്പവഴിയില്ലെന്നാണു ഗൾഫ് രാജ്യങ്ങളും ട്രംപ് ഭരണകൂടവും വിശ്വസിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ കപ്പലുകൾക്ക് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
തങ്ങൾക്കുനേരേ ഇറാൻ ആക്രമണങ്ങൾ തുടരുന്നതിൽ ഗൾഫ് രാജ്യങ്ങൾ അസ്വസ്ഥരാണ്. അതിനാൽത്തന്നെ ഇറാനെ സൈനികപരമായി നിർവീര്യമാക്കണമെന്നാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്നും കിട്ടിയ അവസരം ഉപയോഗിച്ച് ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നു.
ഇറാൻ ഇതുവരെ നടത്തിയ ഏകദേശം 85 ശതമാനം ആക്രമണങ്ങളും ലക്ഷ്യം വച്ചത് ഗൾഫ് രാജ്യങ്ങളെയാണെന്ന് കഴിഞ്ഞദിവസം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആരോപിച്ചിരുന്നു. ഇറാൻ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
National
ന്യൂഡൽഹി: എംപിമാരെ സസ്പെൻഡ് ചെയ്ത തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം.
കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടി എംപി ധർമേന്ദ്ര യാദവ്, എൻസിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി, തൃണമൂൽ കോണ്‍ഗ്രസിന്റെ ശതാബ്ദി റോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിനെ സന്ദർശിച്ച് സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെ ഇന്നലെ നടന്ന കാര്യനിർവഹണ സമിതിയിൽ കോണ്‍ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷും സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം ഉന്നയിച്ചു. കൂടിയാലോചനകൾക്കുശേഷം വിഷയത്തിൽ തീരുമാനം അറിയിക്കാമെന്നാണു കേന്ദ്രസർക്കാർ പ്രതികരിച്ചത്.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്നം മാപ്പ് പറഞ്ഞതു കൊണ്ടുമാത്രം തീരില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്. ഗണേഷ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.
ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങുകയുമാണ് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ മുഖ്യമന്ത്രിക്കും പോലീസിനുമെതിരെയും വിമർശനം ശക്തമാക്കുകയാണ്. മന്ത്രിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടും പോലീസ് അനങ്ങിയില്ലെന്നും ഒത്തുതീർപ്പിനായി കുറ്റകൃത്യം മറച്ചു വച്ചുവെന്നുമാണ് വിമർശനം.
അതേസമയം, ഗണേഷ് കുമാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ. ശ്രീലേഖക്കുമെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.
ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് തിരിഞ്ഞത്.
District News
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടില്‍ നടക്കുന്ന കര്‍ഷക സ്വരാജ് അനിശ്ചിതകാല സത്യഗ്രഹം സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ സഹായിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ടില്‍ നടക്കുന്ന സമരം ആറുമാസത്തോളമായി നടന്നുവരികയാണ്. ജനങ്ങളെക്കാള്‍ പ്രാധാന്യം നല്‍കുന്നത് മൃഗങ്ങള്ക്കാണെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വന്നാല്‍ മാത്രമേ ഇവിടെ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുകയുള്ളൂവെന്ന് യോഗം അഭിപ്രായപ്പെട്ടു.
കര്‍ഷക സ്വരാജ് സത്യഗ്രഹ പന്തലില്‍ ഒരുദിവസം നിരാഹാര സമരം ഇരുന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം ബിനോയി വള്ളോപ്പള്ളിയെ യോഗം അഭിനന്ദിച്ചു.
ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി ജോര്‍ജ് പൈനാപള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പ്രിന്‍സ് ജോസഫ്, ജില്ലാ സെക്രട്ടറി നിസാം ഫലാക്ക്, കെ.എ. സാലു, സക്കറിയാസ് വാടാന, ടോമി കുരുവിളാനി, ബാലഗോപാലന് പെരളത്ത്, ബിനോയ് വെള്ളോപള്ളി, ജയിംസ് കണിപ്പള്ളി, ജോസ് തെക്കുംകാട്ടില്‍, ഷോബി പാറേക്കാട്ടില്‍, ജോസ് ചിത്രകുഴിയില് എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച കലാസൃഷ്ടി പ്രദർശിപ്പിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കെസിബിസി ജാഗ്രതാ കമ്മീഷൻ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി.
വർഷങ്ങൾക്കുമുമ്പ് ഒരു മാസികയിൽ പ്രസിദ്ധീകരിക്കുകയും വിവാദമായതിനെത്തുടർന്ന് പിൻവലിക്കുകയും ചെയ്ത അതേ കലാസൃഷ്ടി പൊതുജന പങ്കാളിത്തത്തോടെ സാമൂഹിക ഐക്യവും കൂട്ടായ്മയും പരിപോഷിപ്പിക്കുന്ന കൊച്ചി ബിനാലെ പോലുള്ള പരിപാടികളിൽ ഉൾപ്പെടുത്തപ്പെടാൻ ഇടയായത് അപലപനീയമാണ്.
ക്രൈസ്തവ സന്യാസിനികളെ അവഹേളിക്കുകയും വിശ്വാസികൾ പരിപാവനമായി കാണുന്ന അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇത്തരം കലാസൃഷ്ടികൾ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ് -കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗിക കുറ്റവാളിയാണെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ. കോൺഗ്രസിന്റെ സൈബർ ആക്രമണം ഭയന്നാണ് പലരും രാഹുലിനെതിരെ പരാതി പറയാൻ മടിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഇനിയെങ്കിലും കോൺഗ്രസ് രാഹുലിനെതിരെ കടുത്ത നടപടിയെടുക്കണം. എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കണമെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഒന്നാകെ ഭീഷണിയാണ്. സിപിഐഎം തിരഞ്ഞെടുപ്പ് വിഷയം മാത്രമാക്കുന്നു. എത്രയും വേഗം പൊലീസ് ലൈംഗിക കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
രാഹുലിന്റെ അറസ്റ്റ് ഉടൻ ഉണ്ടായില്ലെങ്കിൽ ബിജെപി സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സി കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കോൺഗ്രസ് നേതൃത്വത്തിന് മറ്റൊരു യുവതി പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർക്ക് പരാതി നൽകിയത്.
വിവാഹവാഗ്ദാനം നൽകി ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനമെന്നും ഗർഭം ധരിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി.