മലപ്പുറം: ജില്ലയിൽ വൻ വിജയം ലക്ഷ്യമിട്ട് കോണ്ഗ്രസ്. ജില്ലയിലെ 16 മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് 12 ഇടങ്ങളിലും കോണ്ഗ്രസ് നാല് ഇടങ്ങളിലുമാണ് മത്സരിക്കുന്നത്. കരുത്തരെ തന്നെയാണ് കോണ്ഗ്രസ് ഇക്കുറി മത്സരത്തിനിറക്കിയിരിക്കുന്നത്.
സിറ്റിംഗ് മണ്ഡലങ്ങളായ നിലന്പൂരിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും വണ്ടൂരിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാറും മത്സരിക്കുന്പോൾ എൽഡിഎഫ് മണ്ഡലങ്ങളായ പൊന്നാനി പിടിക്കാൻ കെപിസിസി സെക്രട്ടറി കെ.പി. നൗഷാദലിയും തവനൂരിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുമാണ് മത്സരിക്കുന്നത്.മലപ്പുറം സ്വദേശിയാണ് എ.പി. അനിൽകുമാർ. 2001 മുതൽ വണ്ടൂരിലെ എംഎൽഎയാണ്.
വിനോദസഞ്ചാരം, സാംസ്കാരികം, പട്ടികജാതി, പിന്നാക്ക ക്ഷേമ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
കെഎസ്യു യൂണിറ്റ് പ്രസിഡന്റ്, കെഎസ്യു താലൂക്ക് പ്രസിഡന്റ്, കെഎസ്യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദവികളും വഹിച്ചിരുന്നു.മുതിർന്ന കോണ്ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനാണ് ആര്യാടൻ ഷൗക്കത്ത്.
നിലവിൽ നിലന്പൂർ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമാണ്. യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി ജില്ലാ പ്രസിഡന്റ്, കെപിസിസി അംഗം, നിലന്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സിനിമാ രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.
പോത്തുകല്ല് സ്വദേശിയാണ് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്. കെഎസ്യു ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കെപിസിസി കാന്പയിൻ കമ്മിറ്റി കണ്വീനർ, കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.
അരീക്കോട് സ്വദേശിയാണ് കെ.പി. നൗഷാദലി. തിരൂർ എസ്എസ്എം പോളിടെക്നിക്കൽനിന്ന് കെഎസ്യു യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയരംഗത്തേക്ക്.
2009ൽ രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് ടെസ്റ്റിലൂടെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയിലെത്തി.മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി അംഗം, കെപിസിസി സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലന്പൂരിൽ ഇക്കുറി കടുത്ത പോരാട്ടം
നിലന്പൂർ: നിലന്പൂർ മണ്ഡലം നിലനിർത്താൻ യുഡിഎഫും തിരിച്ചുപിടിക്കാൻ എൽഡിഎഫും കളത്തിലിറങ്ങുന്പോൾ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം കനക്കും. കരുത്തറിയിക്കാൻ എൻഡിഎയും സജീവമായി രംഗത്തുണ്ട്. മണ്ഡലത്തിൽ കുറഞ്ഞ കാലയളവിൽതന്നെ ഏറെ വികസന പ്രവർത്തനങ്ങൾ നടത്താനായെന്ന അവകാശവാദവുമായാണ് യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ആര്യാടൻ ഷൗക്കത്ത് ജനവിധി തേടുന്നത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചിട്ടും 11000 ത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.
അതിനാൽ പാർട്ടി ചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്ര പരീക്ഷണത്തിന് വീണ്ടും സിപിഎം തയാറായതോടെയാണ് മുൻ ദേശീയ ഫുട്ബോൾ താരം യു. ഷറഫലിക്ക് അവസരമൊരുങ്ങിയത്.
എൽഡിഎഫ് സ്ഥാനാർഥിയാക്കുമെന്ന് പ്രതീക്ഷിച്ച എം. തോമസ് മാത്യുവിനെ കൈയൊഴിഞ്ഞ് സിപിഎം ജില്ലാ നേതൃത്വം യു. ഷറഫലിയെ സ്ഥാനാർഥിയാക്കുകയായിരുന്നു. അതിനാൽ തോമസ് മാത്യു പ്രചാരണരംഗത്ത് സജീവമാകുമോ എന്ന ആശങ്കയും എൽഡിഎഫ് കേന്ദ്രങ്ങൾക്കുണ്ട്.
അതേസമയം നേതാക്കൾക്കും പ്രവർത്തകർക്കുമിടയിലെ ഐക്യം യുഡിഎഫിന് ആവേശം നൽകുന്ന ഘടകവുമാണ്.വോട്ട് വർധിപ്പിച്ച് സജീവമാകാൻ, 2016-ൽ 12200 ഓളം വോട്ട് നേടിയ ബിഡിജഐസിലെ ഗിരീഷ് മേക്കാട്ടിനെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. എസ്എൻഡിപി യൂണിയൻ താലൂക്ക് സെക്രട്ടറി കൂടിയായ ഗിരീഷ് മേക്കാട്ട് സ്ഥാനാർഥിയായതോടെ മത്സരം പൊടിപാറുമെന്നുറപ്പാണ്.