District News
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്സ്ഡ് സ്റ്റഡീസിലെ ഐക്യുഎസി യുടെയും എന്എസ്എസ് യൂണിറ്റിന്റേയും നേതൃത്വത്തില് നടന്നുവരുന്ന ഭാരതീയ ഗ്യാന് പരമ്പര എന്ന ദേശീയ സെമിനാറിനോടനുബന്ധിച്ച് ഒരുക്കിയ പ്രദര്ശനം പഴമയുടെ പെരുമ വിളിച്ചോതുന്നതായി.
ഓര്മയിലേക്ക് മറഞ്ഞ പഴയ കാര്ഷിക സംസ്കാരത്തിന്റെ ശേഷിപ്പുകളും, പുരാവസ്തുക്കളും, തൃശൂരിന്റെ തനതു കലാരൂപമായ കുമ്മാട്ടിക്കളിയെ അടയാളപ്പെടുത്തുന്ന കുമ്മാട്ടി മുഖങ്ങളും മച്ചാട് മാമാങ്കത്തിന്റെ വീരച്ഛായ പകരുന്ന അശ്വവേതാളവും പ്രദര്ശനത്തിന്റെ മാറ്റു കൂട്ടി. മരക്കലം, മെതിയടി, ആഭരണ പെട്ടികള്, പ്രാചീന വിളക്കുകള് തുടങ്ങി കൊച്ചിരാജ്യത്തെ പോലീസ് മുദ്ര വരെ ഉള്ള പുരാവസ്തുക്കള് വിദ്യാര്ഥികള്ക്ക് വേറിട്ട അനുഭവവും അറിവും സമ്മാനിച്ചു.
കാലടി ശ്രീ ശങ്കര സംസ്കൃത സര്വകലാശാല വൈസ്ചാന്സലര് പ്രഫ.കെ.കെ. ഗീതാകുമാരി പ്രദര്ശനം ഉദ്ഘാടനം ചെയ്തു. സമീപപ്രദേശങ്ങളിലുള്ള സ്കൂൾ വിദ്യാർഥികൾക്കും പ്രദര്ശനം കാണാന് സൗകര്യം ഒരുക്കിയിരുന്നു.
International
മിലാൻ: ശീതകാല ഒളിന്പിക്സിന് ആതിഥ്യം വഹിക്കുന്ന മിലാൻ നഗരത്തിലുണ്ടായ അക്രമാസക്ത പ്രകടനവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തതായി ഇറ്റാലിയൻ പോലീസ് അറിയിച്ചു. ഒളിന്പിക്സ് ഉദ്ഘാടനദിനമായ ശനിയാഴ്ച നഗരത്തിൽ പ്രകടനം നടത്തിയവർ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. വിലക്കയറ്റത്തിനെതിരേയുള്ള പ്രതിഷേധം അക്രമാസക്തമായി എന്നാണു റിപ്പോർട്ട്.
ഒളിന്പിക്സ് നടത്തിപ്പിനെയും പ്രതിഷേധക്കാർ വിമർശിച്ചു. പ്രതിഷധക്കാർ കല്ലെറിഞ്ഞപ്പോൾ കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നതായി പോലീസ് അറിയിച്ചു.
ഒളിന്പിക്സ് വിരുദ്ധ പ്രകടനം നടത്തിയവർ ഇറ്റലിയുടെ ശത്രുക്കളാണെന്നു പ്രധാനമന്ത്രി ജോർജിയ മെലോണി പ്രതികരിച്ചു. അക്രമം നടത്തിയവർ ക്രിമനലുകളാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി മത്തെയോ സാൽവീനി പറഞ്ഞു.
ദിവസങ്ങൾക്കു മുന്പ് ടൂറിൻ നഗരത്തിലുണ്ടായ പ്രകടനത്തിൽ നൂറിലധികം പോലീസുകാർക്കു പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് പ്രകടനങ്ങളെ നേരിടാൻ ശക്തമായ നിയമമുണ്ടാക്കാനുള്ള നീക്കത്തിലാണു മെലോണി ഭരണകൂടം. അക്രമം സൃഷ്ടിക്കാൻ സാധ്യതയുള്ളവരെ മുൻകൂർ കസ്റ്റഡിയിലെടുക്കാൻ പോലീസിന് അനുമതി നല്കുന്നതാണ് ഇതിലൊന്ന്.