ഷൊർണൂർ: ഷൊർണൂരിൽ പാളം തെറ്റിയ ട്രെയിനിന്റെ ബോഗി ട്രാക്കിൽനിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. പാതയിൽ പിടിച്ചിട്ട ട്രെയിനുകൾ കടത്തിവിട്ടു. സംഭവത്തെതുടർന്ന് വന്ദേ ഭാരത ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകി.
വിവരമറിഞ്ഞ് റെയിൽവേയിലെ സാങ്കേതിക വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് പാളം തെറ്റിയ ബോഗി ട്രാക്കിൽനിന്ന് നീക്കം ചെയ്തത്. അപകടത്തെതുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണങ്ങളും കാലതാമസവും നേരിട്ടിരുന്നു.
ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചിൻ പാലത്തിന് സമീപത്താണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ പിൻഭാഗം ഷൊർണൂർ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിലാണ് കിടന്നത്. പ്രധാന റെയിൽവേ പാതയിലുണ്ടായ തടസം മൂലം തൃശൂർ ഭാഗത്തുനിന്ന് വന്ന തീവണ്ടികൾ ഉൾപ്പെടെ വള്ളത്തോൾ നഗർ ഭാഗത്ത് പിടിച്ചിട്ടിരുന്നു.