വിഴിഞ്ഞം : വി.ഡി. സതീശൻനയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകളും കോൺഗ്രസിന്റെ കൊടിമരങ്ങളും കൊടിയും എൽഡിഎഫ് പ്രവർത്തകർ അടിച്ച് തകർത്തതിനു പിന്നാലെ യുഡിഎഫുകാർ സിപിഎം പാർട്ടി ഓഫീസ് അടിച്ച് തകർത്തു. ഇതേത്തുടർന്ന് വിഴിഞ്ഞം പുളിങ്കുടിയിൽ സംഘർഷം. വൻ പോലീസ് സംഘം സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
വ്യാഴാഴ്ച വൈകുന്നേരം എൽഡിഎഫുകാർ നടത്തിയ പ്രകടനത്തോടെയാണ് സംഘർഷത്തിന് തുടക്കമായത്. പുളിങ്കുടിയിൽ നിന്ന് വിഴിഞ്ഞം കളിയിക്കാവിള തീരദേശപാതവഴി ചപ്പാത്തിലേക്ക് നടത്തിയ പ്രകടനത്തിനിടയിൽ റോഡിന് സൈഡിൽ കണ്ട കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകളും കൊടികളും നശിപ്പിച്ചു.
ഇതിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ വൈകുന്നേരത്തെ കോൺഗ്രസിന്റെ പ്രകടനം. കൂട്ടമായെത്തിയ പാർട്ടി പ്രവർത്തകർ പുളിങ്കുടിയിലെ സിപിഎം ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു. കെഎസ്ആർടിസി ബസുകൾ തടഞ്ഞ് നിർത്തിയ പാർട്ടി പ്രവർത്തകർ ബസിൽ പതിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡുകളിൽ കരി ഓയിലും ഒഴിച്ചു. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്നും പുളിങ്കുടി ക്യാമ്പിൽ നിന്നുമായി വൻ പോലീസ് സംഘം സ്ഥലത്ത് എത്തി. നേതാക്കളുമായി ചർച്ച നടത്തിയ പോലീസ് പ്രശ്നത്തിന് താല്കാലിക പരിഹാരം കണ്ടു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്