വണ്ടൂര്‍: കഥകളി ആചാര്യന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ സ്വദേശമായ വണ്ടൂരില്‍ സ്മാരകം വേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. വാസുദേവന്‍ നമ്പൂതിരിയുടെ അഞ്ചാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്ലിയോടിന്റെ ശിഷ്യര്‍ ഏര്‍പ്പെടുത്തിയ ആടോപതാണ്ഡവം പുരസ്കാരം (25000 രൂപയും ഫലകവും) പ്രസിദ്ധ കഥകളി കലാകാരന് ചാത്തന്നൂര്‍ കൊച്ചു നാരായണപിള്ളയ്ക്കും നെല്ലിയോട് അനുസ്മരണത്തിന്റെ പ്രധാനിയായി മുന്‍നിരയില്‍ ഉണ്ടായിരുന്ന മനോജ് പുല്ലൂരിന്റെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ മനോമുദ്ര പുരസ്കാരം (10001 രൂപ) പ്രസിദ്ധ യുവ കഥകളി ഗായകനായ സദനം ജ്യോതിഷ് ബാബുവിനും മന്ത്രി സമ്മാനിച്ചു.
നെല്ലിയോട് അനുസ്മരണ സമിതി രക്ഷാധികാരി കൂടിയായ മന്ത്രിയെ ചടങ്ങില്‍ ആദരിച്ചു. സാരംഗ് പൂല്ലൂരിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ മായ നെല്ലിയോട് ദീപം തെളിച്ചു. കെ. രവികുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസിദ്ധ കലാനിരൂപകന് പി.എം നാരായണന് നെല്ലിയോട് അനുസ്മരണ പ്രഭാഷണം നടത്തി. പീശപ്പിള്ളി രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അജ്മല്‍, പഞ്ചായത്ത് അംഗം പി. സുനീതി, കെ.ടി. പ്രദീപ്, കിരണ്‍ മേലേടം എന്നിവര്‍ സംസാരിച്ചു.പ്രസിദ്ധ കലാകാരന്മാരായ സദനം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യന് എന്നിവര്‍ വേഷമിട്ട കല്ല്യാണ സൗഗന്ധികം കഥകളിയും അരങ്ങേറി.