തൊടുപുഴ: ചന്ദനസുഗന്ധം പേറുന്ന നാട്, തെക്കിന്റെ കാഷ്മീര്‍ എന്നീ വിശേഷണങ്ങൾ. വരയാടുകളുടെ വിഹാരകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം, പച്ചപ്പട്ടുവിരിച്ച തേയിലത്തോട്ടങ്ങള്‍ എന്നിവയുടെ സംഗമഭൂമി. സുഖശീതളമാണ് ദേവികുളം മണ്ഡലത്തിലെ കാലാവസ്ഥയെങ്കിലും തെരഞ്ഞെടുപ്പടുത്തപ്പോള്‍ രാഷ്ട്രീയമാപിനി കുതിച്ചുയരുകയാണ്.
സംസ്ഥാനത്തെ ആദ്യത്തെ പട്ടികവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഉള്‍പ്പെടുന്ന മണ്ഡലമെന്ന പ്രത്യേകതയും ഇതിനുണ്ട്. താപനില മൈനസിലേക്ക് എത്തുന്ന മൂന്നാറും പരിസരപ്രദേശങ്ങളും വിനോദസഞ്ചാരികള്‍ക്ക് എന്നും സ്വപ്നഭൂമിയാണ്. പ്രാചീന ശിലായുഗത്തിന്റെ അടയാളങ്ങള്‍ പേറുന്ന മുനിയറകള്‍, നന്നങ്ങാടികള്‍, കുടക്കല്ലുകള്‍ എന്നിവ ഈ മണ്ഡലത്തിന് ചരിത്രപ്രാധാന്യവും നല്കുന്നു.
പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്റെ തേങ്ങലുകള്‍ ഇനിയും അടങ്ങിയിട്ടില്ല. കൊളുന്ത് നുള്ളുന്ന തോട്ടം തൊഴിലാളികളും തമിഴ് വംശജരും വിധി നിര്‍ണയിക്കുന്ന മണ്ഡലമാണെന്ന പ്രത്യേകതയുമുണ്ട്.
തുടക്കം ദ്വയാംഗമണ്ഡലമായി
സംവരണം ഉറപ്പു വരുത്താൻ ദേവികുളത്തിന്റെ തുടക്കം ദ്വയാംഗ മണ്ഡലമായിട്ടായിരുന്നു. കേരളത്തിലെ ആദ്യതെരഞ്ഞെടുപ്പ്കേസ് ഈ മണ്ഡലവുമായി ബന്ധപ്പെട്ടാണ്.1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ റോസമ്മ പുന്നൂസിനായിരുന്നു വിജയം. ജില്ലയിലെ ആദ്യ വനിതാ എംഎല്‍എയും ആദ്യനിയമസഭയിലെ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ച പ്രോടേം സ്പീക്കറും ഇവര്‍ തന്നെയായിരുന്നു. എന്നാല്‍ എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ബി.കെ. നായരുടെ പത്രിക മതിയായ കാരണമില്ലാതെ തള്ളിയെന്ന കേസില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
അന്ന് ചെറുപ്പത്തിന്റെ പ്രസരിപ്പുമായി മണ്ഡലത്തില്‍ സജീവമായിരുന്ന വി.എസ്. അച്യുതാനന്ദനായിരുന്നു റോസമ്മ പുന്നൂസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ഇരുവിഭാഗത്തിനും ഉപതെരഞ്ഞെടുപ്പ് പ്രസ്റ്റീജ് മത്സരമായി മാറിയതോടെ ഇ.എം.എസ്. മണ്ഡലത്തിന് പ്രത്യേക പരിഗണന നല്കി. ജ്യോതിബസു, എസ്.എ. ഡാങ്കെ പോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ പുന്നൂസിനായും കാമരാജും ഇന്ദിരാഗാന്ധിയും ബി.കെ. നായരുടെ പ്രചാരണത്തിനായും എത്തിയതോടെ തെരഞ്ഞെടുപ്പ് ദേശീയശ്രദ്ധയിലേക്കുയര്ന്നു. 1958 മേയില്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ റോസമ്മ പുന്നൂസിന് 7,098 വോട്ടിന്റെ വലിയ ഭൂരിപക്ഷം.
സത്യപ്രതിജ്ഞ രണ്ടുതവണ
ഇതോടെ ഒരേ സഭയില്‍ രണ്ടു തവണ സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ലഭിച്ച ആദ്യ എംഎല്‍എ എന്ന ഖ്യാതിയും ഇവര്‍ക്ക് സ്വന്തം. സാഹചര്യങ്ങളില്‍ ഒരുപാട് മാറ്റം വന്നെങ്കിലും ഇപ്പോഴും ദേവികുളം സംവരണ മണ്ഡലമാണ്. അടിമാലി, കാന്തല്ലൂര്‍, മറയൂര്‍, മാങ്കുളം, മൂന്നാര്‍, വട്ടവട, വെള്ളത്തൂവല്‍, ദേവികുളം, പള്ളിവാസല്‍, ഇടമലക്കുടി, ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഈ നിയമസഭാ മണ്ഡലം.
മണ്ഡലത്തില്‍ സാമുദായിക സമവാക്യങ്ങളും നിര്‍ണായകമാണ്. തമിഴ് വംശജര്‍ ഏറെയുള്ള ഇവിടെ പള്ളന്‍, പറയന് സമുദായക്കാരാണ് ഭൂരിഭാഗവും. 30 വര്‍ഷം ഭരണം പങ്കിട്ട എ.കെ. മണിയും എസ്. രാജേന്ദ്രനും പള്ളന്‍ വിഭാഗക്കാരും സിറ്റിംഗ് എംഎല്‍എയായ എ. രാജ പറയന് വിഭാഗത്തിലുള്ളതുമാണ്. ദേവികുളത്തിന്റെ മണ്ണില്‍ തൊഴിലാളി യൂണിയന് രാഷ്ട്രീയവും ആഴത്തില്‍ വേരോടിയിട്ടുണ്ട്.
തോട്ടം, കാര്‍ഷിക, മലയോര, ആദിവാസി മേഖലകളെല്ലാം ഇടകലര്‍ന്നു കിടക്കുന്ന മണ്ഡലത്തില്‍ പ്രാദേശിക വികാരങ്ങളും ഏറെ സ്വാധീനം ചെലുത്തും. കേരള-തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്നതിനാലും പതിനായിരക്കണക്കിന് തമിഴ് തൊഴിലാളികള്‍ അധിവസിക്കുന്ന പ്രദേശമായതിനാലും അയല്‍ സംസ്ഥാനമായ തമിഴ്നാട് ഏറെ വൈകാരികതയോടെയാണ് ഇവിടത്തെ തെരഞ്ഞെടുപ്പിനെ വീക്ഷിക്കുന്നത്.
മണ്ഡലത്തില്‍നിന്നും മണ്ഡലത്തില്‍നിന്നും വിജയിച്ചവര്‍:
വര്‍ഷം, പേര്, പാര്‍ട്ടി എന്ന ക്രമത്തില്‍1957-റോസമ്മ പുന്നൂസ്-സിപിഐ1957-എന്‍. ഗണപതി-കോണ്‍ഗ്രസ്1958-റോസമ്മ പുന്നൂസ്-സിപിഐ1960-സുന്ദരം മുരുകാണ്ടി-സിപിഐ1960-മുരുകേശന് തിരുവെങ്കടന്-കോണ്‍.1967-എന്‍. ഗണപതി- കേരള കോണ്‍.1970-ജി. വരദന്-സിപിഎം1977-കിട്ടപ്പ നാരായണസ്വാമി -ഐഎന്‍സി1980-ജി. വരദന്- സിപിഎം1982-ജി. വരദന് -സിപിഎം1987-എസ്. സുന്ദര മാണിക്യം-സിപിഎം1991-എ.കെ. മണി-കോണ്‍ഗ്രസ്1996-എ.കെ. മണി- കോണ്‍ഗ്രസ്2001-എ.കെ. മണി- കോണ്‍ഗ്രസ്2006-എസ്. രാജേന്ദ്രന് -സിപിഎം201-എസ്. രാജേന്ദ്രന് -സിപിഎം2016-എസ്. രാജേന്ദ്രന് -സിപിഎം2021-എ. രാജ-സിപിഎം