തൊടുപുഴ: സംസ്ഥാനത്ത് 50 ശതമാനത്തോളം തമിഴ് വംശജരുള്ള ഏക മണ്ഡലമാണ് ദേവികുളം. തോട്ടംമേഖലയില്‍ തമിഴ് വംശജരും കാര്‍ഷികമേഖലയില്‍ മലയാളികളുമാണ് കൂടുതല്‍. കൂടുതല്‍ പട്ടികജാതി വിഭാഗക്കാര്‍ അധിവസിക്കുന്ന മണ്ഡലം കൂടിയാണിത്. ഇതിനു പുറമെ സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയും ഇവിടെയാണ്.
ഇടമലക്കുടിയിലും തമിഴ് വംശജരാണുള്ളത്. ജാതി സമവാക്യങ്ങളും ഇവിടെ നിര്‍ണായകമാണ്. പള്ളന്‍, പറയര് വിഭാഗങ്ങള്‍ക്കാണ് ഇവിടെ ആധിപത്യം.മണ്ഡലത്തില്‍ തമിഴ് വോട്ടുകള്‍ കൂടുതലുള്ളതിനാല്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എഐഡിഎംകെ ഇവിടെ മത്സരിക്കുക പതിവാണ്.
എന്നാൽ, കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുകയായിരുന്നു. നേരത്തേ മത്സരിച്ചപ്പോഴൊക്കെ 1500-2000 വോട്ടുകള്‍ മാത്രമാണ് എഐഡിഎംകെയ്ക്ക് നേടാനായത്. എന്നാല്‍ ഡിഎംകെയാകട്ടെ ഇതുവരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.
മൂന്നുതവണ മത്സരിച്ചു വിജയിച്ച എസ്. രാജേന്ദ്രന് ബിജെപി പാളയത്തിലെത്തിയത് യുഡിഎഫിനും എല്‍ഡിഎഫിനും വെല്ലുവിളിയാകും. ഇദ്ദേഹം ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സിറ്റിംഗ് എംഎല്‍എ എ. രാജ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.യുഡിഎഫില്‍ രണ്ടുപേരുടെ പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കെപിസിസി സോഷ്യല്‍ മീഡിയ ജില്ലാ കോ-ഓര്‍ഡിനേറ്ററും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ.കൃഷ്ണമൂര്‍ത്തി, ദളിത് കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് എം. മുത്തുരാജ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.
Tags : Tamil votes determine Devikulam constituency s rajendran a raja mla