Kerala
കൊല്ലം: കുന്നത്തൂർ മണ്ഡലത്തിലെ പരാജയത്തിൽ വികാരാധീനനായി കോവൂർ കുഞ്ഞുമോൻ. തെരഞ്ഞെടുപ്പ് ചെലവിനായി പണം കണ്ടെത്താൻ ആഗ്രഹിച്ചുവാങ്ങിയ കാറുപോലും വിറ്റു. പിണറായി വിജയൻ ഒരു കറുത്ത കാർ വാങ്ങിയപ്പോഴാണ് തനിക്കും കാർ വാങ്ങാൻ ആഗ്രഹമുണ്ടായത്.
ചിട്ടിപിടിച്ചാണ് കാർ വാങ്ങാൻ പണം കണ്ടെത്തിയത്. മറ്റ് മണ്ഡലങ്ങളെ പോലെ അല്ല കുന്നത്തൂരിലെ സാഹചര്യം. പരാജയ കാരണം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 25314 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ വിജയിച്ചത്.
കൊല്ലം ജില്ലയിലെ ഏക എസ്സി സംവരണ മണ്ഡലമാണിത്. 2001 മുതൽ 2021വരെ കോവൂർ കുഞ്ഞിമോൻ ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത്.
Kerala
തിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരേക്കാൾ വലിയവർ ജനങ്ങളാണെന്ന് സിപിഐ. ആ ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും സിപിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽഡിഎഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെയുള്ള പരിശോധന ആവശ്യമാണ്.
വോട്ടിംഗിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമായതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും അത്തരം പരിശോധന നടത്തുന്നതാണ്. പത്തുവർഷത്തെ എൽഡിഎഫ് ഭരണം എല്ലാ ജീവിത തുറകളിലും അനിഷേദ്ധ്യമായ നേട്ടമാണ് ഉണ്ടാക്കിയത്.
ആ ഗവണ്മെന്റുകളെ നയിച്ച എൽഡിഎഫിന് ഇപ്രകാരം ഒരു പരാജയം ഉണ്ടാകുമ്പോൾ പതിവുള്ള വിശദീകരണങ്ങൾ മതിയാകാതെ വരുന്നു. ജനവിധിയ്ക്ക് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തി സംഭവിച്ചിരിക്കാവുന്ന പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകാൻ എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.
എക്കാലവും പാർട്ടി വിജയിച്ചുപോരുന്ന സീറ്റുകളിലെ പരാജയത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വയം വിമർശനം നടത്തും. പാർട്ടിയെയും എൽഡിഎഫിനെയും ശക്തിപ്പെടുത്തിക്കൊണ്ട് ജനതാൽപ്പര്യങ്ങൾക്കൊപ്പം കൂറോടെ നില കൊള്ളുവാൻ പാർട്ടി എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തും.
ഉത്തരവാദിത്വ ബോധമുള്ള ജനപക്ഷ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും പരിശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പിക്കാം. പാർട്ടിയുടെയും എൽഡിഎഫിന്റെയും വിജയത്തിനുവേണ്ടി ത്യാഗപൂർവ്വം പ്രവർത്തിച്ച എല്ലാ സഖാക്കളെയും പ്രവർത്തകരെയും പാർട്ടി അഭിവാദ്യം ചെയ്യുന്നു. എല്ലാത്തരം നിഷേധാത്മക പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ടു ചെയ്ത ജനങ്ങൾക്ക് പാർട്ടി നന്ദി രേഖപ്പെടുത്തുന്നുവെന്നും സിപിഐ കൂട്ടിച്ചേർത്തു.
Leader Page
വനിതാ സംവരണത്തെ കേന്ദ്രസർക്കാർ ഗൂഢ രാഷ്ട്രീയലക്ഷ്യങ്ങളോടെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിന് മറയാക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ ചൂടു പിടിക്കുകയാണ്.
നിലവിലെ ജനസംഖ്യ മാത്രം കണക്കാക്കി ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിച്ച് 850 ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ലോക്സഭയിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രാതിനിധ്യ അനുപാതം താറുമാറാക്കി ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നതിൽ സംശയമില്ല.
തമിഴ്നാട്ടിലും പശ്ചിമബംഗാളിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നതിനും അതോടൊപ്പം ദേശീയതലത്തിൽ അധികാരം നിലനിർത്താനുമുള്ള ബിജെപിയുടെ ഗൂഢലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നിലെന്നതു വളരെ വ്യക്തമാണ്.
►വനിതാ സംവരണം സ്വാഗതാർഹം
ജനസംഖ്യയിൽ അൻപത് ശതമാനത്തിലേറെ വരുന്ന സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പ്രാതിനിധ്യം ഇതുവരെയും പാർലമെന്റിലോ നിയമസഭകളിലോ ലഭിച്ചിട്ടില്ല. സ്വാതന്ത്ര്യം നേടി 78 വർഷം കഴിഞ്ഞിട്ടും പാർലമെന്റിൽ സ്ത്രീ പ്രാതിനിധ്യം 13-14 ശതമാനത്തിനപ്പുറം ഉയർന്നിട്ടില്ല. വികസിത രാജ്യങ്ങളാകട്ടെ നിയമനിർമാണസഭകളിൽ സ്ത്രീപ്രാതിനിധ്യം 35 മുതൽ 50 ശതമാനംവരെ നേടിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പാർലമെന്റ് ഭരണഘടനാ ഭേദഗതിയിലൂടെ പാസാക്കിയ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നത് സ്വാഗതാർഹമാണ്.
നിലവിലെ 543 ലോക്സഭാ മണ്ഡലങ്ങളുടെ മൂന്നിലൊന്നായ 181 മണ്ഡലങ്ങളിൽ, ഓരോ സംസ്ഥാനത്തെയും മൂന്നിലൊന്ന് മണ്ഡലങ്ങൾ എന്ന കണക്കിൽ വളരെ എളുപ്പത്തിൽത്തന്നെ വനിതാ സംവരണം നടപ്പിലാക്കാൻ പറ്റും. തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലൂടെ എല്ലാ മണ്ഡലങ്ങളിലും മാറിമാറി സംവരണം നടപ്പാക്കാനും, എസ്സി, എസ്ടി വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് സംവരണത്തിനുള്ളിൽ സംവരണം ഏർപ്പെടുത്താനും ശ്രദ്ധിക്കണമെന്നു മാത്രം. ഇതിന് പുതുതായി ഒരു മണ്ഡല പുനർനിർണയത്തിന്റെ ആവശ്യമേയില്ല.
►മണ്ഡല പുനർനിർണയത്തിന്റെ കാണാപ്പുറങ്ങൾ
ലോക്സഭയുൾപ്പെടെയുള്ള നിയമനിർമാണ സഭകളിൽ നീതിയുക്തമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ഭരണഘടന നിർദേശിക്കുന്ന നടപടിയാണ് മണ്ഡല പുനർനിർണയം. നിലവിൽ ലോക്സഭയിൽ 543 സീറ്റുകൾ നിജപ്പെടുത്തിയിരിക്കുന്നത് 1971ലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ്. അതിനുശേഷം വിവിധ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുടുംബാസൂത്രണം ഒരു പ്രഖ്യാപിത ദേശീയനയമായി നടപ്പിലാക്കി. എന്നാൽ, കുടുംബാസൂത്രണ പദ്ധതികൾ നടപ്പിലാക്കുന്നതിലും വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ സാധിച്ചില്ല.
2011ലെ സെൻസസ് അനുസരിച്ച് ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുമ്പോൾ ഈ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച സംസ്ഥാനങ്ങൾക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പാർലമെന്റിലെ പ്രതിനിധ്യത്തിൽ ഗുരുതരമായ നഷ്ടം സംഭവിക്കുകയാണ്.
ഉദാഹരണത്തിന്, ജനസംഖ്യ അനുസരിച്ചു മാത്രം പാർലമെന്റ് മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ കേരളത്തിന് നിലവിലുള്ള 20 ലോക്സഭാ മണ്ഡലങ്ങളിൽനിന്നു കേവലം മൂന്ന് മണ്ഡലങ്ങൾ മാത്രം വർധിച്ച് 23 മാത്രമേ ആകുകയുള്ളൂ. എന്നാൽ, ഉത്തർപ്രദേശിൽ നിലവിലുള്ള 80 ലോക്സഭാ മണ്ഡലങ്ങളിൽനിന്ന് 50 മുതൽ 55 വരെ മണ്ഡലങ്ങൾ വർധിച്ച് 130 മുതൽ 135 വരെയാകും. നിലവിലെ മണ്ഡലങ്ങൾക്ക് ആനുപാതികമായി (150 ശതമാനം) വർധിപ്പിച്ചാലും കേരളത്തിൽ 30 മണ്ഡലങ്ങളും ഉത്തർപ്രദേശിൽ 120 മണ്ഡലങ്ങളുമാണ് ഉണ്ടാകുക. അപ്പോഴും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം സാരമായിത്തന്നെ വർധിക്കും.
►പ്രാദേശിക അസമത്വങ്ങൾ
മണ്ഡല പുനർനിർണയത്തിന് ജനസംഖ്യ മാത്രം അടിസ്ഥാനമാക്കുമ്പോൾ ജനസാന്ദ്രത കൂടിയ നഗരപ്രദേശങ്ങൾക്കു കൂടുതൽ ലോക്സഭാ മണ്ഡലങ്ങൾ ലഭിക്കും. ഇത് ലോക്സഭയിൽ കാർഷിക-ഗ്രാമീണ പ്രദേശങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കും. വിവിധ വികസനപദ്ധതികളും എംപി ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും കാർഷിക-ഗ്രാമീണ മേഖലകളിൽ കുറയുന്നതിന് ഇതു കാരണമാകും.
അതോടൊപ്പം സംസ്ഥാനങ്ങൾക്കുള്ളിൽത്തന്നെ ജനസംഖ്യാനുപാതത്തിൽ വലിയ വ്യത്യാസമുണ്ടാകാം. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങളുടെ കാര്യത്തിലും ജനസംഖ്യാ നിയന്ത്രണനയം പിന്തുടരുന്ന കാര്യത്തിലും വിവിധ ജില്ലകൾ അല്ലെങ്കിൽ പ്രദേശങ്ങൾ തമ്മിലും വിവിധ ജനവിഭാഗങ്ങൾ തമ്മിലും ചരിത്രപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ ഉണ്ടാകാം.
അതിനാൽ മണ്ഡല പുനർനിർണയത്തിൽ ജനസംഖ്യ മാത്രം അടിസ്ഥാനമാക്കുന്നത് സംസ്ഥാനങ്ങൾക്കുള്ളിൽ പോലും വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും വിവിധ ജനവിഭാഗങ്ങളുടെയും അസംതൃപ്തിക്ക് കാരണമാകാം.
അതോടൊപ്പം പുനർനിർണയ പ്രക്രിയയിൽ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന പിഴവുകൾ ആദിവാസി-ദളിത് വിഭാഗങ്ങളുടെയും വിവിധ പ്രദേശങ്ങളിലെ ഭാഷാ-മത ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യത്തെയും സാരമായി ബാധിച്ചേക്കാം. സംസ്ഥാന നിയമസഭകളുടെ മണ്ഡലപുനർനിർണയത്തിൽ ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
National
ചെന്നൈ: മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ ഡിഎംകെ ആഹ്വാനം ചെയ്ത കരിങ്കൊടി പ്രതിഷേധം ഇന്ന്. വീടുകളിലും പൊതുവിടങ്ങളിലുമെല്ലാം കറുത്ത കൊടി ഉയർത്തണമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശം. ഡിഎംകെ എംപിമാർ ഇന്ന് പാർലമെന്റിൽ കറുത്ത വസ്ത്രം ധരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബിജെപി തീ കൊണ്ട് കളിക്കുകയാണ്. ദക്ഷിണേന്ത്യ കോപം കൊണ്ട് തിളക്കുകയാണ്. ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയതിന് ദക്ഷിണേന്ത്യയെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
തമിഴ്നാടിന്റെ ശബ്ദം കേൾക്കാൻ വിസമ്മതിക്കുകയും പിൻവാങ്ങുകയും ചെയ്താൽ കേന്ദ്ര സർക്കാർ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും അതിന് കനത്ത വില നൽകേണ്ടിവരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡിഎംകെ പ്രസിഡന്റ് എന്ന നിലയിലും എല്ലാറ്റിനുമുപരി ഒരു ആത്മാഭിമാനമുള്ള തമിഴൻ എന്ന നിലയിലും ഞാൻ വീണ്ടും മുന്നറിയിപ്പ് നൽകുന്നുവെന്ന് പറഞ്ഞാണ് സ്റ്റാലിൻ എക്സ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
National
മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് കോൺഗ്രസ്. അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിനോടുള്ള ആദരസൂചകമായി തങ്ങളുടെ സ്ഥാനാർഥിയെ കോൺഗ്രസ് പിൻവലിച്ചു. ഇതോടെ നിലവിലെ ഉപമുഖ്യമന്ത്രിയും അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നുറപ്പായി.
ബാരാമതി ഉപതെരഞ്ഞെടുപ്പിൽ ആകാശ് മോറെയെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി നിർത്തിയത്. എന്നാൽ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ആകാശ് മോറെ സ്ഥാനാർഥിത്വം പിൻവലിച്ചു. പാർട്ടി നിർദേശപ്രകാരമാണ് സ്ഥാനാർഥിത്വം പിൻവലിച്ചത്.
സുനേത്ര പവാർ നേരിട്ട് അഭ്യർഥിച്ചത് കൊണ്ടാണ് സ്ഥാനാർഥിയെ പിൻവലിച്ചത് എന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കാൽ പറഞ്ഞു. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയുമായും സുനേത്ര പവാർ സംസാരിച്ചു. രാഷ്ട്രീയ മര്യാദയുടെ പേരിലും അജിത് പവറിനോടുള്ള ആദരസൂചകവുമായിട്ടാണ് സ്ഥാനാർഥിയെ പിൻവലിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
District News
ചടയമംഗലം:സ്ഥിരം വൈരികൾ വീണ്ടും ഏറ്റുമുട്ടുന്പോൾ ആർക്കാണ് വിജയം. ചെങ്കോട്ടയായി മാറിയിരിക്കുന്ന ചടമംഗലം മറിയുമോ. ചെങ്കോട്ട തകർക്കാൻ ഇക്കുറിയും സ്ഥിരം സ്ഥാനാർഥി തന്നെയാണ് വന്നിരിക്കുന്നത്. ജില്ലയിലെ കിഴക്കൻ മേഖലയിലെ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയെന്നറിയപ്പെടുന്ന മണ്ഡലമാണ് ചടയമംഗലം. സിപിഐ യുടെ ഉറച്ച സീറ്റുകളിൽ ഒന്നാണ് ചടയമംഗലം.
ഇക്കുറി ശക്തമായ പോരാട്ടമാണ് ചടയമംഗലത്ത്.കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ എന്നിവയും , പത്തനാപുരം താലൂക്കിലെ അലയമൺ എന്ന പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം. 1957 മുതല്‍ 2021 വരെ നടന്ന തെരെഞ്ഞെടുപ്പില്‍ മൂന്നുതവണ മാത്രമേ സിപിഐക്ക് മണ്ഡലം നഷ്ടപ്പെട്ടിട്ടുള്ളു.
ബാക്കി എല്ലാ തവണയും അവര്‍ സീറ്റ് നിലനിര്‍ത്തി. ഇക്കുറി സിപിഐ നേതാവും നിലവിലെ എംഎൽഎയും മന്ത്രിയുമായ ജെ. ചിഞ്ചു റാണിയാണ് എൽഡിഎഫ് സ്ഥാനാർഥി , കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീറാണ് യുഡിഎഫ് സ്ഥാനാർഥി , മുൻ കോൺഗ്രസ് നേതാവ് ആയിരുന്ന അരുൺരാജാണ് എൻഡിഎ സ്ഥാനാർഥി , ജില്ലാ വൈസ് പ്രസിഡന്റ് ഷറാഫത്താണ് എസ്ഡിപിഐ സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിക്കുന്നത്.
അല്പം ചരിത്രം
2006 മുതൽ സിപിഐയിലെ മുല്ലക്കര രത്നാകരനാണ് ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരികരിച്ച് മത്സരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 2021 ൽ ദേശീയ- സംസ്ഥാന കൗൺസിൽ അംഗവും വനിതാ നേതാവുമായ ജെ. ചിഞ്ചുറാണി മത്സരിച്ചു വിജയിച്ചത്. ഇക്കുറിയും ചിഞ്ചുറാണിയാണ് മത്സര രംഗത്ത് ഉള്ളത്. കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണൻ മാത്രമാണ് ഇവിടെ നിന്നും മത്സരിച്ച് ജയിച്ചത്.
1957ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ വെളിയം ഭാർഗവനാണ് ചടയമംഗലം നിയോജക മണ്ഡലത്തിലെ ആദ്യത്തെ എംഎല്‍എ. 1960 അദ്ദേഹം വിജയം ആവര്‍ത്തിച്ചു.1982 മുതൽ 1991 വരെ രണ്ടു തെരഞ്ഞെടുപ്പിൽ സിപിഐയിലെ കെ. ആർ ചന്ദ്രമോഹനനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1991 വരെ രണ്ടു തെരഞ്ഞെടുപ്പിൽ സിപിഐയിലെ കെ.ആർ. ചന്ദ്രമോഹനനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1991 ൽ സിപിഐ യിലെ ഇ. രാജേന്ദ്രൻ കോൺഗ്രസിലെ എ .ഹിദൂർ മുഹമ്മദിനെ പരാജപ്പെടുത്തി. 1996ൽ സിപിഐയിലെ ആർ. ലതാദേവി കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണനെ 2746 വോട്ടിന് പരാജയപ്പെടുത്തി. എന്നാൽ 2001ൽ പ്രയാർ ഗോപാലകൃഷ്ണൻ ലതാദേവിയെ 1919 വോട്ടിന് തോൽപ്പിച്ചു.
2006ൽ സിപിഐയിലെ മുല്ലക്കര രത്നാകരൻ പ്രയാർ ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തി. 2011 ലും 2016ലും മുല്ലക്കര രത്നാകരൻ വിജയിച്ചു. 2011ൽ കോൺഗ്രസിലെ ഷാഹിദാ കമാലിനെ പരാജയപ്പെടുത്തി. വീണ്ടും എംഎല്‍എ ആയി. 2016ൽ കോൺഗ്രസിലെ എം.എം. ഹസനെ 21,928 വോട്ട് പാരാജയപ്പെടുത്തി മുല്ലക്കര രത്നാകരൻ തന്റെ വിജയം ആവര്‍ത്തിച്ചു.
സ്ഥിരവൈരികൾ
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചടയമംഗലത്തിന്റെ ഇടതു ആഭിമുഖ്യം വീണ്ടും ഉറപ്പിച്ചു.2021 സിപിഐ യിലെ ജെ. ചിഞ്ചുറാണി 67252 വോട്ടുകൾ നേടി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി എം.എം. നസീറിന് 53,574 വോട്ടുകളാണ് ലഭിച്ചത്. 13678 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചിഞ്ചുറാണി നേടിയത്. ബിജെപി സ്ഥാനാർഥി വിഷ്ണു പട്ടത്താനം 22, 238 വോട്ടുകൾ നേടി.
കടുത്ത മത്സരമാണ് ഇത്തവണ മണ്ഡലത്തിൽ നടക്കുന്നത്. മണ്ഡലത്തിൽ സിപിഐ യിലെ വിഭാഗീയത രൂക്ഷമാണ്.കഴിഞ്ഞ വർഷങ്ങളിൽ മണ്ഡലത്തിൽ സിപിഐയിൽ തെരഞ്ഞടുപ്പ് നിയന്ത്രിച്ച സിപിഐ നേതാവ് മുസ്തഫ പാർട്ടിയിൽ നിന്ന് രാജിവച്ച് ആർഎസ്പി യിൽ ചേർന്നിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിൽ അഞ്ച് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. മുൻ വർഷത്തേക്കാൾ കൂടുതൽ സീറ്റുകൾ പഞ്ചായത്ത് തലങ്ങളിൽ ലഭിച്ചതിനാൽ മണ്ഡലത്തിലെ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.
നിലവിലെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് എൽഡിഎഫും പ്രചാരണ രംഗത്തുള്ളത്. ശക്തമായ പ്രചാരണങ്ങളാണ് മുന്നണികൾ മണ്ഡലത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ റോഡ് ഷോകളും ഹൗസ് കാമ്പയിനുകളും നടത്തിക്കൊണ്ടിരിക്കുകയാണ്.ശക്തമായ മത്സരമാണ് ഇക്കുറി ചടയമംഗലം മണ്ഡലത്തിൽ നടക്കുന്നത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് വോട്ട് അഭ്യർഥിച്ച് ദീപ്തി മേരി വർഗീസ്. ഫെയ്സ്ബുക്കിൽ ഷിയാസിന്റെ ചിത്രം പങ്ക് വച്ചാണ് ദീപ്തിയുടെ വോട്ടഭ്യർഥന.
കൊച്ചി സീറ്റിൽ ദീപ്തിയെയും പരിഗണിച്ചിരുന്നു. കൊച്ചിയെ തിരിച്ചു പിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ സാരഥി മുഹമ്മദ് ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു എന്ന് ദീപ്തി കുറിച്ചു.
അതേസമയം കൊച്ചിയിൽ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന് കോൺഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ഷിയാസ് പറഞ്ഞു. ജില്ലയെ ഒറ്റക്കെട്ടായി നയിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച സ്ഥാനാർഥിത്വമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിവിധ വശങ്ങൾ പരിശോധിച്ചശേഷമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും പാർട്ടിക്കുള്ളിൽ ഉയർന്ന പ്രതിഷേധങ്ങൾ ഉൾപ്പെടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മണ്ഡലം മാറ്റി നൽകണമെന്ന മന്ത്രി വി.അബ്ദുറഹ്മാന്റെ സമ്മർദ്ദത്തിന് വഴങ്ങി സിപിഎം. താനൂരിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച വി. അബ്ദുറഹ്മാൻ പ്രചാരണത്തിന് ഇറങ്ങാതെ മാറി നിൽക്കുകയായിരുന്നു. തിരുരിലേക്കു മാറ്റി നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ഇതിനുപിന്നാലെയാണ് വി. അബ്ദുറഹ്മാനെ തിരൂരിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചത്. കൊണ്ടോട്ടിയിൽ സിപിഎം സ്ഥാനാർഥിയായി ഡോ. പി.ജിജിയേയും കോട്ടയ്ക്കലിൽ കെ. പ്രീതിയേയും പ്രഖ്യാപിച്ചു.
2016ലും 2021ലും താനൂരിൽ നിന്നാണ് വി. അബ്ദുറഹ്മാൻ വിജയിച്ചത്. രണ്ടാം പിണറായി സർക്കാരിൽ കായിക- ന്യൂനപക്ഷക്ഷേമ മന്ത്രിയായിരുന്നു.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിലെ വിമത നീക്കത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയെ സസ്പെന്‍ഡ് ചെയ്തു. മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരെ പ്രസ്താവന നല്‍കിയതിനും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനുമാണ് നടപടി.
മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരായി പ്രസ്താവന നല്കി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അമ്പലപ്പുഴ അസംബ്ലി സെക്രട്ടറി ഷാനു ഭൂട്ടോയെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ നിന്ന് സസ്പന്റ് ചെയ്തതായി അറിയിക്കുന്നുവെന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. എം പി പ്രവീണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അമ്പലപ്പുഴയിൽ ജി. സുധാകരനെ യുഡിഎഫ് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു റിബൽ നീക്കം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുകയാണ് ഷാനു ഭൂട്ടോ. ഉടൻ നാമനിർദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ വ്യക്തമാക്കിയിരുന്നു.
മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നീക്കം. ജി. സുധാകരന് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ എം.ജെ. ജോബ് രാജി വച്ചിരുന്നു.
Kerala
കാസർഗോഡ്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് കെ. സുന്ദര. കെ. സുരേന്ദ്രൻ വീണ്ടും മത്സരിക്കാനെത്തുന്ന സാഹചര്യത്തിലാണ് താൻ വീണ്ടും മത്സരിക്കുന്നതെന്നും സുന്ദര പറഞ്ഞു.
താൻ വീണ്ടും മത്സരിക്കണമെന്ന് നാട്ടുകാർ അഭ്യർഥിച്ചതായും സുന്ദര പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രൻ കെ. സുന്ദരയ്ക്ക് കോഴ നൽകി എന്നായിരുന്നു ആരോപണം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ. സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രന് 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.
അതേസമയം മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതിന് പിന്നാലെ കാസർഗോട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷമായി. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ആവശ്യപ്പെട്ടു. കെ. സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എം.എൽ. അശ്വിനിയുടെ പരാതി.
Kerala
തിരുവനന്തപുരം: കോൺഗ്രസിന്റെ സീറ്റ് കൈമാറ്റത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ പ്രതിഷേധം. കോൺഗ്രസിന്റെ തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപിക്ക് കൈമാറുന്നതിന് എതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സീറ്റ് കോൺഗ്രസ് നിലനിർത്തണമെന്നും ആളില്ലാത്ത സിഎംപിയുടെ സി.പി. ജോണിന് സീറ്റ് നൽകരുത് എന്നുമാണ് പോസ്റ്ററിലെ വാചകങ്ങൾ. സി.പി. ജോണിനെതിരെ ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പോസ്റ്ററുകൾ. നഗരത്തിൽ കൈപ്പത്തി ചിഹ്നം വരച്ച് ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്.
അതേസമയം മുൻ ഡിസിസി പ്രസിഡന്റും മുൻ മന്ത്രിയുമായ വി.എസ്ശി. ശിവകുമാർ തിരുവനന്തപുരത്ത് മത്സരിക്കാൻ താല്പര്യം നേതൃത്വത്തെ അറിയിച്ചതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ സിഎംപിക്ക് ഈ സീറ്റ് നൽകാനും അവിടെ പാർട്ടിയുടെ ജനറൽ സെക്രട്ടറി സി.പി. ജോണിനെ മത്സരിപ്പിക്കാനുമാണ് യുഡിഎഫ് നേൃത്വത്തിന്റെ നീക്കം.
Kerala
തൃശൂർ: നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ആവർത്തിച്ച് സി.സി. മുകുന്ദൻ എംഎൽഎ. കോൺഗ്രസ് ചില നിർദേശങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുകുന്ദൻ പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥി ആയാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ ഉറപ്പ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും മുകുന്ദൻ വ്യക്തമാക്കി.
ജനങ്ങളോട് ചില കാര്യങ്ങളെല്ലാം തുറന്നു പറയാനുണ്ട്. സമയമാകുമ്പോൾ അതെല്ലാം പറയും. സിപിഐയിൽ നിന്നും അനുനയനീക്കം ഇതുവരെ ഉണ്ടായിട്ടില്ല, തന്നോട് ആരും അതേ പറ്റി സംസാരിച്ചിട്ടില്ലെന്നും മുകുന്ദൻ പറഞ്ഞു.
ഗീതാ ഗോപി സിപിഐ സ്ഥാനാർഥിയായി നാട്ടികയിൽ മത്സരിച്ചാൽ താൻ അവിടെ സ്വതന്ത്രനായി മത്സരിക്കും. ഗീതാ ഗോപിയുടെത് പേയ്മെന്റ് സീറ്റ് ആണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഗീത ഗോപി മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നുവെന്നും മുകുന്ദൻ ആരോപിച്ചു.
പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താനായിട്ട് പാർട്ടിയിൽനിന്ന് പുറത്തു പോകില്ല. പേയ്മെന്റ് സീറ്റിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത് ശരിയല്ല എന്നതാണ് തന്റെ നിലപാട്. ആർക്കെല്ലാം പണം കിട്ടിയെന്നത് സമയമാകുമ്പോൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
District News
അഞ്ചല്‍ : പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സിപിഐയിലെ സി. അജയപ്രസാദിനെ ഔദ്യോഗികമായി തീരുമാനിച്ച് മണിക്കൂറുകള്‍ക്കകം ചുവരെഴുത്തുകള്‍ ആരംഭിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍.
മത്സരരംഗത്തേക്ക് സിപിഐ നിർദേശിച്ച സി. അജയപ്രസാദിന്റെ സ്വന്തം നാടായ ഏരൂരിലാണ് ചുവരെഴുത്ത് ആരംഭിച്ചത്. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന മതിലുകളില്‍ ചിലത് രാത്രിയോടെ തന്നെ എഴുതി പൂര്‍ത്തീകരിച്ചു. മറ്റുള്ളിടത്ത് കഴിഞ്ഞ ദിവസം രാവിലെയോടെ തന്നെ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള പ്രവര്‍ത്തനമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തുന്നത്. പതിറ്റാണ്ടായി ഇടതുമുന്നണിക്കൊപ്പം നില്ക്കുന്ന മണ്ഡലമാണ് പുനലൂര്‍.
1996 മുതല്‍ രണ്ട് തവണ പി.എസ്. സുപാലും പിന്നീടുള്ള മൂന്നുതവണ കെ. രാജുവും വീണ്ടും സുപാലും പുനലൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. കെ. രാജു ഒരുതവണ മന്ത്രിയുമായി. ഓരോ തവണയും റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ഥികളുടെ വിജയം.
അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയിലാണ് കന്നി അങ്കത്തിനായി മുതിര്‍ന്ന നേതാവും തോട്ടം മേഖലയില്‍ തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള അജയപ്രസാദിനെ തന്നെ സിപിഐ മത്സര രംഗത്തേക്ക് എത്തിച്ചത്.ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി സ്വദേശിയാണ് അജയപ്രസാദ്.
ഹയര്‍ സെക്കൻഡറി അധ്യാപികയായ ശ്രീലതയാണ് ഭാര്യ. ആദിത്യന് അഭിനന്ദന് എന്നിവര്‍ മക്കളാണ്. ഇടതുമുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതോടെ പ്രചാരണ രംഗത്ത് സജീവമാകുമെന്ന് അജയപ്രസാദ് വ്യക്തമാക്കി.
Kerala
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മത്സരിക്കുന്നതിൽ റിസ്കുണ്ടെന്ന് ഇ.ടി. ടൈസൺ എംഎൽഎ. എന്നാലും പാർട്ടി എൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണെന്ന് ടൈസൺ പറഞ്ഞു.
"അനുകൂല ഘടകങ്ങളും പ്രതികൂല ഘടകങ്ങളും ഉണ്ടെന്ന് അറിയാം. എറണാകുളം ജില്ലയിൽ തനിക്കെതിരെ വികാരമുണ്ടോ എന്നതിനെതിനെ കുറിച്ച് അറിവില്ല. മത്സരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ജില്ലയിലെ പാർട്ടി ഒരുക്കും.'-ടൈസൺ പറഞ്ഞു.
സംസ്ഥാനത്ത് ആകെ ഇടതുപക്ഷത്തിന് അനുകൂലമായ വികാരം ഉണ്ട് എന്നും ടൈസൺ പറഞ്ഞു. സി.സി. മുകുന്ദന്റെ കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തുമെന്നും ടൈസൺ പറഞ്ഞു.
പറവൂരിൽ ജില്ലാ നേതൃത്വം നൽകിയ മൂന്ന് പേരുകൾ തള്ളിയാണ് വി.ഡി. സതീശനെ നേരിടാൻ ഇ.ടി. ടൈസണെ ഇറക്കുന്നത്. സംസ്ഥാന എക്സികുട്ടീവിന്റെ നേരിട്ടുള്ള തീരുമാനമാണ് സിറ്റിംഗ് ടൈസണെ മത്സരിപ്പിക്കുക എന്നത്. എന്നാൽ, ജില്ലയ്ക്ക് പുറത്തുനിന്നു സ്ഥാനാർഥി വരുന്നതിൽ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പറവൂരിൽ സിപിഐക്ക് സീറ്റ് നൽകിയതിൽ വലിയ അതൃപ്തി പ്രാദേശിക സിപിഐഎമ്മിനുണ്ട്. സിപിഐ സ്ഥാനാർഥികൾ പലപ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശിപാർശ ചെയ്യുന്നതോ അദ്ദേഹത്തെ സഹായിക്കുന്ന സ്ഥാനാർഥികളോ ആണെന്ന ആക്ഷേപം പല ഘട്ടങ്ങളിലും ഉയർന്നുവരാറുണ്ട്.
അതുകൊണ്ട് തന്നെ ഇത്തവണ ആക്ഷേപത്തിന് ഇടവരാത്ത രീതിയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നേരിട്ടാണ് സ്ഥാനാർഥിയെ നിർദേശിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽനിന്നു മൂന്നു പേരുകളാണ് നിർദേശിച്ചിരുന്നത്. മുൻ ജില്ലാ സെക്രട്ടറി ദിനകരൻ ഉൾപ്പെടെയുള്ളവരുടെ പേര് തള്ളിയാണ് ടൈസണെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.
Kerala
തൊടുപുഴ: സംസ്ഥാനത്ത് 50 ശതമാനത്തോളം തമിഴ് വംശജരുള്ള ഏക മണ്ഡലമാണ് ദേവികുളം. തോട്ടംമേഖലയില്‍ തമിഴ് വംശജരും കാര്‍ഷികമേഖലയില്‍ മലയാളികളുമാണ് കൂടുതല്‍. കൂടുതല്‍ പട്ടികജാതി വിഭാഗക്കാര്‍ അധിവസിക്കുന്ന മണ്ഡലം കൂടിയാണിത്. ഇതിനു പുറമെ സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയും ഇവിടെയാണ്.
ഇടമലക്കുടിയിലും തമിഴ് വംശജരാണുള്ളത്. ജാതി സമവാക്യങ്ങളും ഇവിടെ നിര്‍ണായകമാണ്. പള്ളന്‍, പറയര് വിഭാഗങ്ങള്‍ക്കാണ് ഇവിടെ ആധിപത്യം.മണ്ഡലത്തില്‍ തമിഴ് വോട്ടുകള്‍ കൂടുതലുള്ളതിനാല്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എഐഡിഎംകെ ഇവിടെ മത്സരിക്കുക പതിവാണ്.
എന്നാൽ, കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുകയായിരുന്നു. നേരത്തേ മത്സരിച്ചപ്പോഴൊക്കെ 1500-2000 വോട്ടുകള്‍ മാത്രമാണ് എഐഡിഎംകെയ്ക്ക് നേടാനായത്. എന്നാല്‍ ഡിഎംകെയാകട്ടെ ഇതുവരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.
മൂന്നുതവണ മത്സരിച്ചു വിജയിച്ച എസ്. രാജേന്ദ്രന് ബിജെപി പാളയത്തിലെത്തിയത് യുഡിഎഫിനും എല്‍ഡിഎഫിനും വെല്ലുവിളിയാകും. ഇദ്ദേഹം ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സിറ്റിംഗ് എംഎല്‍എ എ. രാജ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.യുഡിഎഫില്‍ രണ്ടുപേരുടെ പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കെപിസിസി സോഷ്യല്‍ മീഡിയ ജില്ലാ കോ-ഓര്‍ഡിനേറ്ററും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ.കൃഷ്ണമൂര്‍ത്തി, ദളിത് കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് എം. മുത്തുരാജ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.
Kerala
പാലക്കാട്: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സുരേന്ദ്രൻ ഇനി ആകെ മത്സരിക്കാനുള്ളത് പാലക്കാട് ജില്ലയിലാണ്. സുരേന്ദ്രൻ മത്സരിക്കാൻ പാലക്കാട് എത്തുകയാണെങ്കിൽ വരുന്ന അതേ ഹെലികൊപ്റ്ററിൽ തന്നെ തിരിച്ചുപൊകാമെന്നും സന്ദീപ് പറഞ്ഞു. പാലക്കാട് യുഡിഎഫിന്റെ മാത്രം മണ്ഡലമാണെന്നും സന്ദീപ് അവകാശപ്പെട്ടു.
പാലക്കാട് ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ച വളരെ ദുര്‍ബലമാണെന്നും സന്ദീപ് പറഞ്ഞു. ഒരു പൊളിറ്റിക്കല്‍ ഫാമിലിയുടെ കൈയിലാണ് പാലക്കാട്ടെ ബിജെപിയെന്നും അതുകൊണ്ട് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫണ്ടിന് വേണ്ടിയാണ് പാലക്കാടിനെ എ ക്ലാസ് മണ്ഡലമായി ബിജെപി നേതാക്കള്‍ എഴുതിക്കൊടുക്കുന്നതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് സീറ്റിൽ മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച സന്ദീപ് പാർട്ടി പറഞ്ഞാൽ
എവിടെയും മത്സരിക്കുമെന്നും വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും സന്ദീപ് പറഞ്ഞു. സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി നേതാക്കൾ കോൺഗ്രസിൽ ഉള്ളത് ദൗർബല്യമല്ല നേട്ടമാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡോ.പി. സരിൻ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിൽ നീക്കം നടത്തുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ല. സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുള്ളതായും വിവരമുണ്ട്.
ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയെന്നാണ് സൂചന.
Kerala
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും കാപ്പൻ പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി. കാപ്പൻ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"പാലാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് യോഗങ്ങളും ആരംഭിച്ചു. ജോസ് കെ. മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കൾ ആരും പറഞ്ഞിട്ടില്ല.'-മാണി സി. കാപ്പൻ പറഞ്ഞു.
ജോസ് കെ. മാണി രാഷ്ട്രീയ കോപ്രായം കാണിക്കുന്ന ആളാണ്. തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയിൽ രാജിയ്ക്കും. പാലായിൽ ജോസ് മത്സരിക്കും എന്ന് തോന്നുന്നില്ലെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ കെഡിപി കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മത്സരിക്കുന്നത് പാലായിലും എലത്തൂരിലുമാണ്.
സീറ്റുകളുടെ കാര്യത്തിൽ ഉടൻ ധാരണ ഉണ്ടാകും. എലത്തൂർ മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സീറ്റ് കിട്ടിയാൽ എലത്തൂർ ലീഗിന് കൊടുക്കുമെന്നും യുഡിഎഫ് ഭരണത്തിൽ വന്നാൽ കെഡിപിക്ക് മന്ത്രി സ്ഥാനം ഉണ്ടാകുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
Kerala
മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താൽ ആരംഭിച്ചു. മുസ്ലിം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തർ നടത്തിയ പ്രകടനത്തിനിടെയാണ് ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. പിന്നാലെ പ്രതിഷേധവുമായി റോഡിലിറങ്ങിയ ലീഗ് പ്രവർത്തകർ രാത്രി പിരിഞ്ഞപോയെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
Kerala
മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ. മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
ഇന്ന് വൈകിട്ട് പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തർ നടത്തിയ പ്രകടനത്തിനിടെയാണ് മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. പിന്നാലെ പ്രതിഷേധവുമായി റോഡിലിറങ്ങിയ മുസ്ലിം ലീഗ് പ്രവർത്തകർ രാത്രി പിരിഞ്ഞപോയെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.