x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥിരം ജയിക്കുന്ന മണ്ഡലത്തിലെ തോൽവി: പരിശോധിക്കുമെന്ന് സിപിഐ


Published: May 5, 2026 12:06 AM IST | Updated: May 5, 2026 12:06 AM IST

തിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരേക്കാൾ വലിയവർ ജനങ്ങളാണെന്ന് സിപിഐ. ആ ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും സിപിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽഡിഎഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതിന്‍റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെയുള്ള പരിശോധന ആവശ്യമാണ്.

വോട്ടിംഗിന്‍റെ കൃത്യമായ വിവരങ്ങൾ ലഭ്യമായതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും അത്തരം പരിശോധന നടത്തുന്നതാണ്. പത്തുവർഷത്തെ എൽഡിഎഫ് ഭരണം എല്ലാ ജീവിത തുറകളിലും അനിഷേദ്ധ്യമായ നേട്ടമാണ് ഉണ്ടാക്കിയത്.

ആ ഗവണ്മെന്‍റുകളെ നയിച്ച എൽഡിഎഫിന് ഇപ്രകാരം ഒരു പരാജയം ഉണ്ടാകുമ്പോൾ പതിവുള്ള വിശദീകരണങ്ങൾ മതിയാകാതെ വരുന്നു. ജനവിധിയ്ക്ക് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തി സംഭവിച്ചിരിക്കാവുന്ന പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകാൻ എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.

എക്കാലവും പാർട്ടി വിജയിച്ചുപോരുന്ന സീറ്റുകളിലെ പരാജയത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വയം വിമർശനം നടത്തും. പാർട്ടിയെയും എൽഡിഎഫിനെയും ശക്തിപ്പെടുത്തിക്കൊണ്ട് ജനതാൽപ്പര്യങ്ങൾക്കൊപ്പം കൂറോടെ നില കൊള്ളുവാൻ പാർട്ടി എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തും.

ഉത്തരവാദിത്വ ബോധമുള്ള ജനപക്ഷ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും പരിശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പിക്കാം. പാർട്ടിയുടെയും എൽഡിഎഫിന്‍റെയും വിജയത്തിനുവേണ്ടി ത്യാഗപൂർവ്വം പ്രവർത്തിച്ച എല്ലാ സഖാക്കളെയും പ്രവർത്തകരെയും പാർട്ടി അഭിവാദ്യം ചെയ്യുന്നു. എല്ലാത്തരം നിഷേധാത്മക പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ടു ചെയ്ത ജനങ്ങൾക്ക് പാർട്ടി നന്ദി രേഖപ്പെടുത്തുന്നുവെന്നും സിപിഐ കൂട്ടിച്ചേർത്തു.

Tags : CPI constituency

Recent News

Corehub Up