Kerala
ശബരിമല: മണ്ഡല, മകരവിളക്കു കാലത്തെ ശബരിമല ദര്‍ശനം ഇന്നു രാത്രി പത്തിന് അവസാനിക്കും. വൈകുന്നേരം അഞ്ചുവരെ ഭക്തരെ പമ്പയില്‍ നിന്ന് കടത്തി വിടും. ദര്‍ശന കാലയളവ് അവസാനിക്കുന്നതോടെ ഞായറാഴ്ച വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
പകല്‍ പമ്പയില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവന്നു. സന്നിധാനത്തു തങ്ങിയ അയ്യപ്പഭക്തര്‍ താഴെ എത്തിയശേഷമാണ് പിന്നീട് ആളുകളെ കയറ്റിവിട്ടത്. ദര്‍ശനത്തിനുള്ള ക്യൂ മരക്കൂട്ടംവരെ നീണ്ടു. ഒരുലക്ഷത്തോളം പേര് ഞായറാഴ്ച ദര്‍ശനത്തിനെത്തിയിരുന്നു.
നെയ്യഭിഷേകം ഞായറാഴ്ച അവസാനിച്ചു. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നടയടച്ച ശേഷം മണിമണ്ഡപത്തിന് മുന്നില്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ ഗുരുതി ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം.
ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.
താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് മേല്‍ശാന്തി കൈമാറും. പതിനെട്ടാം പടിയിറങ്ങി ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് രാജപ്രതിനിധി കൈമാറും. മാസപൂജചെലവിനായി പണക്കിഴി നല്കി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങും.
ശബരിമല ദര്‍ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകള്‍ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്ന ഇന്ന് വരെ പ്രവര്‍ത്തിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സൗകര്യം. വെര്‍ച്വല്‍ ക്യൂ ബുക്കിംഗും ഇന്നുവരെയുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തിവിടും.
District News
എരുമേലി: ഇന്നലെ ശബരിമലയിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം അനിയന്ത്രിതമായ തിരക്ക് ഉണ്ടായതിനെ തുടർന്ന് എരുമേലിയിലെ റോഡുകളിൽ പലയിടത്തും അയ്യപ്പഭക്തരെ ശബരിമലയിലേക്ക് വിടാതെ പോലീസ് തടഞ്ഞിട്ടു. ഉച്ചയോടെ കാനനപാത അടച്ചു. ഇതോടെ റോഡ് മാർഗം വഴിയായി ശബരിമല യാത്ര. എന്നാൽ, ഇവിടെയും പോലീസ് തടഞ്ഞിട്ടു.
ആദ്യം ഇതിനെ ചെറിയ തോതിൽ എതിർത്ത ഭക്തർ പിന്നീട് പ്രതികരിച്ചത് റോഡുകൾ ഉപരോധിച്ചായിരുന്നു. ഇതോടെ പോലീസിന്റെ നീക്കം പാളി. ഭക്തരുടെ ഉപരോധത്തെത്തുടർന്ന് പോലീസ് പെട്ടന്നുതന്നെ മറ്റൊരു നീക്കം സ്വീകരിച്ചു. ഉപരോധം നടത്തുന്ന സ്ഥലത്ത് സംഘർഷ സ്ഥിതി ആകുമ്പോൾ ഭക്തരെ കടത്തി വിടുകയും അടുത്ത ജംഗ്ഷനിൽ ഭക്തർ എത്തുമ്പോൾ അവിടെ തടഞ്ഞിടുകയും എന്ന രീതിയിൽ പോലീസ് നടപടി സ്വീകരിച്ചു.
അടുത്ത ജംഗ്ഷനിൽ പോലീസ് വീണ്ടും തടയുന്നത് കണ്ടതോടെ ഭക്തർ അവിടെയും റോഡ് ഉപരോധിച്ചു. ഇങ്ങനെ എരുമേലിയിലെ ശബരിമല പാതയിൽ പലയിടത്തും പോലീസ് തടഞ്ഞപ്പോൾ അവിടെയെല്ലാം ഉപരോധം നടത്തി ഭക്തർ ഒടുവിൽ എരുമേലിയുടെ അതിർത്തി താണ്ടി പമ്പ ശബരിമല പാതയിൽ പ്രവേശിച്ചത് മണിക്കൂറുകളോളം കഴിഞ്ഞാണ്.
രാവിലെ എരുമേലിയിൽ തടയപ്പെട്ട ഭക്തർ വൈകുന്നേരം കഴിഞ്ഞാണ് എരുമേലിയുടെ അതിർത്തി അവസാനിക്കുന്ന കണമലയിൽ എത്തിയത്. മണിക്കൂറുകളോളം ഭക്തരെ റോഡിൽ വൈകിക്കുന്നതിലേക്ക് പോലീസ് നടപടി മാറിയത് ശബരിമലയിലെ തിരക്കിന് അയവുണ്ടാകാൻ വേണ്ടിയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെയും എരുമേലി പോലീസ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്താണ് നടപടികൾക്ക് നേതൃത്വം നൽകിയത്. ഭക്തരെ കൈയേറ്റം ചെയ്യുകയോ മോശമായി സംസാരിക്കുകയോ പോലീസ് ചെയ്യരുതെന്നും അനുനയത്തോടെ ഇടപെടണമെന്നും ഭക്ഷണം, വെള്ളം, പ്രാഥമിക കൃത്യ നിർവഹണം അടക്കം സൗകര്യം ഭക്തർക്ക് ലഭ്യമാകാൻ പോലീസ് സഹായിക്കണമെന്നും ജില്ലാ പോലീസ് മേധാവി പ്രത്യേക നിർദേശം നൽകിയിരുന്നു.
എന്നാൽ, ചില പോലീസ് ഉദ്യോഗസ്ഥർ വളരെ മോശമായി പെരുമാറിയെന്ന് ഭക്തർ പരാതി പറഞ്ഞു. ശബരിമല ദർശനത്തിന് ഓൺലൈൻ വെർച്വൽ ക്യൂ വഴി പാസ് ലഭിച്ച നിരവധി ഭക്തർ ഉൾപ്പെടെയാണ് എരുമേലിയിൽ തടയപ്പെട്ടത്.
നാട് മൊത്തം കുരുക്ക്
റോഡുകൾ ഉപരോധിച്ച് ഭക്തർ പ്രതിഷേധിച്ചത് മണിക്കൂറുകളോളമാണ്. മുഴുവൻ വാഹനങ്ങളും ഇതോടെ ഭക്തരുടെ ഉപരോധത്തിൽപ്പെട്ടു കിടന്നു. ഇത് പോലീസിന്റെ നടപടികൾക്ക് തിരിച്ചടിയായി. ആംബുലൻസുകൾ മാത്രമാണ് കടത്തിവിടാൻ ഭക്തർ അനുവദിച്ചത്. തങ്ങളെ വിടുന്നില്ലെങ്കിൽ റോഡിൽ ഒരു വാഹനവും സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഭക്തർ ഉറച്ചുനിന്നു. ഭക്തരെ പോലീസ് തടയുമ്പോൾ കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ മുഴുവൻ വാഹനങ്ങളും ഭക്തർ തടയുകയായിരുന്നു
District News
ഇരിങ്ങാലക്കുട: ചരിത്രപ്രസിദ്ധമായ സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനു വന്‍ഭക്തജനപ്രവാഹം. ഇന്നലെ ദിവ്യബലിക്കുശേഷം വീടുകളിലേക്കു അമ്പെഴുന്നള്ളിപ്പ് നടന്നു.
കത്തീഡ്രല്‍ ദേവാലയത്തില്‍ വൈകീട്ട് അഞ്ചിനു നടന്ന രൂപം എഴുന്നള്ളിച്ചുവയ്ക്കലിൽ ആയിരങ്ങള്‍ പങ്കുകൊണ്ടു. രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, നേര്ച്ചവെഞ്ചരിപ്പ് എന്നിവ നടന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് വിവിധ അങ്ങാടികളില്‍നിന്നും അമ്പെഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നത്.
തുടര്‍ന്നു സീയോന് ഹാളില്‍ നടന്ന മതസൗഹാര്ദസമ്മേളനത്തില് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം മന്ത്രി ഡോ.ആര്. ബിന്ദു, ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, വിവിധ മതസാമുദായികനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
തിരുനാളിന്റെ വിജയത്തിനായി കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ് ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ.എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഷാജു പന്തലിപ്പാടന്‍, ജോയിന്റ് കണ്‍വീനര്‍മാരായ കെ.കെ. ഷാജു കണ്ടംകുളത്തി, സൈമണ്‍ കുറ്റിക്കാടന്‍, തോമസ് കെ. ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോമി ചേറ്റുപുഴക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
കത്തീഡ്രലില്‍ ഇന്ന്
രാവിലെ 5.0 നും 6.30 നും 7.30 നും ഒമ്പതിനും ദിവ്യബലി, 10.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി കാര്മികന്-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രണ്ടിന് ദിവ്യബലി, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഏഴിനു പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദം, വര്‍ണമഴ.
Kerala
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന പ്രവാഹം. ശനിയാഴ്ച വൈകുന്നേരം ആറുവരെ 67,000 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസവും ഒരു ലക്ഷത്തോളം പേർ ദർശനത്തിന് എത്തിയിരുന്നു.
കരിമലയും പുല്ലുമേടും അടക്കമുള്ള കാനനപാതകളിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടായത്. പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോട്ടോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. പിടിച്ചു കയറ്റാനുള്ള സൗകര്യത്തിന് മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്നും പോലീസ് നിർദ്ദേശിച്ചു.
District News
കോട്ടയം: പ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തൃക്കാര്‍ത്തിക തൊഴുത് ഭക്തര്‍. തൃക്കാര്‍ത്തിക ദര്‍ശനം ഇന്നു പുലര്‍ച്ചെ 2.30ന് ആരംഭിച്ചു. നൂറുകണക്കിനു ഭക്തരാണ് രാവിലെ മുതല്‍ തൃക്കാര്‍ത്തിക തൊഴാന്‍ കുമാരനല്ലൂരമ്മയുടെ സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് രാവിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പിന്റെ ചെറിയ ഇടവേളയ്ക്കു ശേഷം ഉച്ചയ്ക്ക് ഒന്നു വരെ കാര്‍ത്തിക ദര്‍ശന സമയമുണ്ട്.
രാവിലെ 8.30നു തൃക്കാര്‍ത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു പെരുവനം കുട്ടന് മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം. രാവിലെ 10നു മഹാപ്രസാദമൂട്ട്. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നടപ്പന്തലില്‍ വൈകുന്നേരം 5.30നു തൃക്കാര്‍ത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്.
ഈ സമയം ക്ഷേത്രവഴികളിലും കുമാരനല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലും ചെരാതുകള്‍ തെളിച്ചു ഭക്തര്‍ കാര്‍ത്തിക വിളക്കൊരുക്കും. രാത്രി 9.30 വരെ ദേശവിളക്ക് നീണ്ടുനില്‍ക്കും. രാത്രി 11.30ന് തൃക്കാര്‍ത്തിക പള്ളിവേട്ട എഴുന്നള്ളിപ്പ്.
Kerala
ശബരിമല: മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16ന് നട തുറന്ന ശേഷം ഇതുവരെ 1.36 ലക്ഷം പേർ ദർശനം നടത്തിയതായി എഡിജിപി എസ്. ശ്രീജിത്ത്. ആദ്യദിനം മാത്രം 55,000 ത്തോളം പേരാണ് ദർശനത്തിന് എത്തിയത്.
വെർച്ച്യൽ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരെയും സ്പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരെയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. സുഗമമായ ദർശനത്തിന് എല്ലാവരും വെർച്യൽ ക്യൂ സംവിധാനം ഉപയോഗിക്കണമെന്നും എഡിജിപി നിർദ്ദേശിച്ചു.
തീർഥാടന കാലത്തേയ്ക്കായി 18,000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. നിലവിൽ 3,500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീർഥാടനത്തിനായി പോലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് കെഎസ്ആർടിസി സർവീസിനായി രംഗത്തിറക്കിയത്. നിലയ്ക്കൽ - പമ്പ ചെയിൻ ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം സർവീസ് നടത്തും. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും.
202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്. 248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്.
നിലയ്ക്കൽ - പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കോർപ്പറേഷൻ നിയോഗിച്ചിട്ടുണ്ട്.