National
ന്യൂഡല്‍ഹി: പൈലറ്റുമാരുടെ ക്ഷീണവും വിശ്രമമില്ലായ്മയും പരിഹരിക്കുന്നതിനായി കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതില്‍ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎയോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ അനിശ്ചിതമായി നീട്ടിവെച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
പൈലറ്റുമാരുടെ ക്ഷീണം കുറയ്ക്കുന്നതിനായി രാത്രികാല ജോലി സമയം കുറയ്ക്കാനും ആഴ്ചയിലെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറായി വര്‍ദ്ധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ 2024 ജനുവരിയിലാണ് ഡിജിസിഎ പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്നിനകം ഈ നിയമങ്ങള്‍ നടപ്പിലാക്കണമെന്നായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ എയര്‍ലൈന്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഡിജിസിഎ ഈ കാലാവധി അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.
വിമാനയാത്രക്കാരുടെയും പൈലറ്റുമാരുടെയും സുരക്ഷ കണക്കിലെടുത്ത് ഈ നിയമങ്ങള്‍ അനിവാര്യമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പൈലറ്റുമാരുടെ ക്ഷീണം വിമാനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തില്‍ ഡിജിസിഎയുടെ മറുപടി ആവശ്യപ്പെട്ട കോടതി, കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA).
ഇന്ന് രാവിലെ 8.45ന് അടിയന്തര ലാൻഡിംഗിനിടെയാണ് എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ഉൾപ്പടെയുണ്ടായിരുന്നവർ സഞ്ചരിച്ച വിമാനം അപകടത്തിൽത്തിൽപ്പെട്ടത്. ബാരാമതി വിമാനത്താവളത്തിൽ ഇടിച്ചിറങ്ങിയ വിമാനം പൂർണമായും കത്തിനശിച്ചു.
അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളിൽ സംസാരിക്കാനാണ് അദ്ദേഹം ബാരാമതിയിലേക്ക് പുറപ്പെട്ടത്. പൈലറ്റും അജിത് പവാറും അംഗ രക്ഷകരും ഉൾപ്പെടെ മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സ്വകാര്യ ചാർട്ടേഡ് വിമാനത്തിലായിരുന്നു പവാർ സഞ്ചരിച്ചിരുന്നത്.
National
ന്യൂഡൽഹി: വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. 2025 ഡിസംബറില്‍ ആയിരുന്നു രാജ്യത്ത് വ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ടത്.
ഇൻഡിഗോയ്ക്കെതിരെ ഗുരുതരമായ ആസൂത്രണ, പ്രവർത്തന, നിയന്ത്രണ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡിജിസിഎ 22.20 കോടി രൂപ പിഴ ചുമത്തുകയും മാനേജ്മെന്റിനെതിരെ കർശനമായ എൻഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുകയും ചെയ്തു.
ഡിസംബർ മൂന്നിനും അഞ്ചിനും ഇടയിലാണ് വ്യാപകമായി ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയത്.ഈ കാലയളവിൽ ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.
3,000,00ൽ അധികം യാത്രക്കാരെ സർവീസുകൾ തടസപ്പെട്ടത് ബാധിച്ചിരുന്നു. ഡിജിസിഎയുടെ ഉത്തരവുകൾ ലഭിച്ചതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോയുടെ ഉടമസ്ഥതയിലുള്ള ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു.
National
ന്യൂഡൽഹി: ഇൻഡിഗോയുടെ ഗുരുഗ്രാമിലെ ആസ്ഥാനത്തുനിന്ന് കന്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെയും റീഫണ്ടുകളുടെയും മറ്റു പ്രക്രിയകളുടെയും നിരീക്ഷണം ആരംഭിച്ച് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
വിമാനക്കന്പനിയുടെ നിലവിലെ സ്ഥിതിയെപ്പറ്റിയും ക്രൂ വിന്യാസത്തെപ്പറ്റിയും ജീവനക്കാരുടെ കുറവു മൂലം ബാധിക്കപ്പെട്ട റൂട്ടുകളെപ്പറ്റിയും ഇൻഡിഗോ ആസ്ഥാനത്ത് ഡിജിസിഎ നിയോഗിച്ചിരിക്കുന്ന അധികൃതർ റിപ്പോർട്ട് നൽകും. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാനും ഇൻഡിഗോയുടെ മേൽനോട്ടത്തിനുമായി കഴിഞ്ഞദിവസം ഡിജിസിഎ എട്ടംഗ സമിതിയെ നിയോഗിച്ചിരുന്നു.
അതിനിടെ, വിമാനസർവീസകളുടെ കൂട്ട റദ്ദാക്കൽ ബാധിക്കപ്പെട്ട യാത്രക്കാർക്കായി ഇൻഡിഗോ 10,000 രൂപയുടെ ട്രാവൽ വൗച്ചറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈമാസം മൂന്നിനും അഞ്ചിനുമിടയിലെ സർവീസ് റദ്ദാക്കലുകൾക്കിടയിൽ നീണ്ട മണിക്കൂറുകൾ കുടുങ്ങിപ്പോയ യാത്രക്കാർക്കാണ് വൗച്ചറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ഏത് ഇൻഡിഗോ യാത്രയ്ക്കുവേണ്ടിയും അടുത്ത 12 മാസത്തിനുള്ളിൽ വൗച്ചറുകൾ ഉപയോഗിക്കാമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനയാത്ര റദ്ദാക്കപ്പെട്ടതിന് ഇൻഡിഗോ പ്രഖ്യാപിച്ച റീഫണ്ടുകൾക്കു പുറമെയാണ് ഈ വൗച്ചറുകൾ.
അതിനിടെ, രാജ്യവ്യാപകമായി വിമാനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ പ്രതിസന്ധിയിൽ കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു ഇൻഡിഗോയുടെ ആഭ്യന്തരവീഴ്ചകളെ വീണ്ടും കുറ്റപ്പെടുത്തി.
പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ ചട്ടപ്രകാരം ക്രൂവിനെ വിന്യസിക്കാൻ ഇൻഡിഗോ പരാജയപ്പെട്ടതിന്റെ നേരിട്ടുള്ള പ്രത്യാഘാതം മൂലമാണ് പ്രതിസന്ധിയുണ്ടായതെന്നും ഇത് ഇൻഡിഗോയുടെ കടുത്ത കെടുകാര്യസ്ഥതയാണെന്നും നായിഡു പറഞ്ഞു. പ്രവർത്തനങ്ങൾ സാധാരണനിലയിലായെന്ന് ഇൻഡിഗോ അവകാശപ്പെടുന്പോഴും ഇന്നലെയും നൂറിലധികം സർവീസുകൾ റദ്ദാക്കി.
National
ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന സർവീസ് പ്രതിസന്ധികളിൽ വലഞ്ഞ യാത്രക്കാര്‍ക്കാണ് ആശ്വാസ പ്രഖ്യാപനം.
ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ സൗജന്യമായി നൽകുമെന്നാണ് ഇൻഡിഗോ എയർലൈൻസിന്റെ പ്രഖ്യാപനം. യാത്രാ വൗച്ചറുകൾ ഡിസംബർ 3 മുതൽ 5 വരെ യാത്ര ചെയ്തവർക്ക് മാത്രമായിരിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചിട്ടുണ്ട്.
കോക്ക്പിറ്റ് ജീവനക്കാരുടെ കുറവ് കാരണം പ്രതിസന്ധി ഉണ്ടായതായി കമ്പനി വ്യക്തമാക്കി. ബുദ്ധിമുട്ടനുഭവിച്ച ഉപഭോക്താക്കൾക്ക് യാത്രാ വൗച്ചറുകൾ നൽകുമെന്നും ഈ വൗച്ചറുകൾ അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഉപയോഗിക്കാവുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ (ഡിജിസിഎ) ആകെ അനുവദിച്ച 1630 തസ്തികകളിൽ 794 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്രസർക്കാർ.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 441 തസ്തികകൾ ഡിജിസിഎ സൃഷ്ടിച്ചതായും കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു രാജ്യസഭയെ അറിയിച്ചു. മാനവശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാലു മാസത്തിനിടെ 22 പുതിയ ഓഫീസർമാർ നിയമിതരായി.
62 ടെക്നിക്കൽ ഓഫീസർമാർ, അഞ്ച് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാർ, എട്ട് സ്റ്റെനോഗ്രാഫർമാർ എന്നിവരെ നിയമിച്ചു. ഓപ്പറേഷൻ ഓഫീസർമാരുടെ തസ്തികയിലേക്കുള്ള യോഗ്യതാ പരീക്ഷ നടത്തിയതായും കേന്ദ്രമന്ത്രി അറിയിച്ചു.
ആവശ്യത്തിനു ജീവനക്കാരില്ലാത്തത് ഡിജിസിഎയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചിട്ടില്ല. എന്നാൽ അപേക്ഷകരുടെ കുറവും നിയമനം ലഭിച്ചവർ ജോലിയിൽ ചേരാതിരിക്കുന്നതും പോലുള്ള അടിയന്തര ഘട്ടങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താറുണ്ട്.
ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. പൈലറ്റ് പരിശീലനത്തിനായി 2025ൽ രണ്ട് പുതിയ ഫ്ലൈയിംഗ് പരിശീലന സ്ഥാപനങ്ങൾക്ക് ഡിജിസിഎ അനുമതി നൽകി. 2021നെ അപേക്ഷിച്ച് പരിശീലന വിമാനങ്ങളുടെ എണ്ണത്തിൽ 73 ശതമാനം വർധനയാണ് 2025ൽ ഉണ്ടായത്. നിലവിൽ 379 പരിശീലനവിമാനങ്ങൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു.
രാജ്യസഭയിൽ ജെബി മേത്തർ എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
National
ന്യൂഡൽഹി: സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടു പ്രതിസന്ധിയിലായ ഇൻഡിഗോയിൽ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സമഗ്ര ഓഡിറ്റിംഗ് ആരംഭിച്ചു.
വിമാനനിരയെക്കുറിച്ചും പൈലറ്റ്, ക്രൂ എന്നിവരെക്കുറിച്ചുമുള്ള വിവരങ്ങളിൽ തീവ്ര പരിശോധന നടത്താൻ ഡിജിസിഎ മുതിർന്ന ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതിനു പിന്നാലെയാണ് ഓഡിറ്റിംഗ് ആരംഭിച്ചത്. വിമാനസർവീസുകളുടെ പ്രവർത്തനം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് സമഗ്രമായ ഡാറ്റ, ഫ്ലൈറ്റ് പുനഃസ്ഥാപനം എന്നീ വിവരങ്ങളുള്ള പൂർണ റിപ്പോർട്ടുമായി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനോട് ഇന്നു ഹാജരാകാനും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിമാനസർവീസുകൾ സാധാരണനിലയിലായെന്ന് ഉറപ്പ് നൽകിയിട്ടും രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽനിന്ന് 200ലധികം ഇൻഡിഗോ സർവീസുകൾ ഇന്നലെയും റദ്ദാക്കി. വ്യോമയാന ഗതാഗത പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി വ്യോമയാന പാർലമെന്ററി സ്റ്റാൻഡിംഗ് സമിതി ഈ മാസം 17ന് യോഗം ചേരുന്നുണ്ട്.
Kerala
ന്യൂഡൽഹി: സർവീസുകൾ താറുമാറായതിനു പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിൻവലിച്ചു.
വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു.
ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്.
National
ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിംഗ് നടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ജിപിഎസ് സ്പൂഫിംഗും ജിഎൻഎസ്എസ് തടസവും നേരിട്ടു. പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാനമന്ത്രി രാംമോഹൻ നായിഡു ഇത് സ്ഥിരീകരിച്ചത്.
റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഗൗരവവും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു. എസ്. നിരഞ്ജൻ റെഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2023 നവംബറിൽ ജിപിഎസ് ജാമിംഗോ സ്പൂഫിംഗോ അടക്കം എല്ലാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിയ ശേഷം പതിവായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോൽക്കത്ത, അമൃത്സർ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു.
ഉപഗ്രഹ അധിഷ്ഠിത ലാൻഡിംഗ് നടപടി പ്രകാരമുള്ള വിമാനങ്ങളിലാണ് ജിപിഎസ് സ്പൂഫിംഗ് റിപ്പോർട്ട് ചെയ്തത്. ഈ വിമാനങ്ങൾക്കായി അടിയന്തര നടപടി ക്രമങ്ങൾ സജീവമാക്കി. പരമ്പരാഗത ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് റൺവേകളിലെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.