മഞ്ചേരി: അധ്യാപക ദിനത്തില്‍ നൈഹ ഫാത്തിമയെന്ന ഒന്നാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് വൈറലാകുന്നു. മഞ്ചേരി മാരിയാട് ജിഎംഎല്‍പി സ്കൂളിലെ വിദ്യാര്‍ഥിയാണ് നൈഹ ഫാത്തിമ. അപകടത്തെത്തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യാപകനായ സലീം ടി. പെരിമ്പലം അവധിയിലായി. ഇതിലുള്ള വ്യഥയാണ് കുരുന്ന് കുറിപ്പുകളിലൂടെ വരച്ചുചേര്‍ത്തത്.
നോട്ടുബുക്ക് ഡയറിയാക്കി നൈഹ കുറിച്ച വരികള്‍ ഇങ്ങനെ: ഇന്ന് എന്റെ സലീം മാഷ് വന്നിട്ടില്ല. അതുകൊണ്ട് എനിക്ക് വളരെ വളരെ സങ്കടമായി. പിന്നെ ഞാന്‍ എന്റെ ഉമ്മയോട് പറഞ്ഞു . ഉമ്മ ഇന്ന് സലീം മാഷ് വന്നിട്ടില്ല. അയാം സാഡ്. ഈ കുറിപ്പിനൊപ്പം പൊട്ടിക്കരഞ്ഞുക്കൊണ്ടിരിക്കുന്ന കുട്ടിയുടെ ഒരു ചിത്രവും. കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് അധ്യാപകനാണ് ഫോട്ടോയെടുത്ത് പ്രധാനാധ്യാപകന് സലീമിന് അയച്ചുനല്‍കിയത്. അദ്ദേഹം ഇത് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് പ്രതികരണങ്ങള്‍ അയച്ചത്.
നിഷ്കളങ്കമായി സ്നേഹം വാരിക്കോരി തരുന്ന നൂറുനൂറ് നൈഹമാരെ മിസ് ചെയ്യുന്നുവെന്നും എന്ന നൈഹയുടെ യത്ര ആഴത്തില്‍ അതെഴുതി ഫലിപ്പിക്കാന്‍ തനിക്കാവുന്നില്ലെന്നും സലീം പറഞ്ഞു. വിദ്യാലയങ്ങള്‍ സ്നേഹക്കൂടാരങ്ങളാണ്, മുഖവും ഗന്ധവും സ്വരവും വഴി തിരിച്ചറിയാന്‍ പാകത്തില്‍ അധ്യാപകരും കുഞ്ഞുങ്ങളും നെയ്തെടുത്ത സ്നേഹക്കൂടാരങ്ങള്‍. അകത്തു കയറി നോക്കിയാല്‍ മതി. ആര്‍ക്കുമത് ബോധ്യമാവുമെന്നും അദ്ദേഹം പറയുന്നു.