കായംകുളം: ദേശീയപാതയിൽ കരീലക്കുളങ്ങരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ പത്രവിതരണക്കാരൻ മരിച്ചു. പത്തിയൂർ കിഴക്ക് കരുണാലയം വീട്ടിൽ കെ. ഗോപി (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ കരീലക്കുളങ്ങര പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച ശേഷം ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ദേശീയപാതയിൽനിന്നും സർവീസ് റോഡിലേക്ക് കടക്കുമ്പോൾ എതിരേ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഗോപിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരീലക്കുളങ്ങര പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്. ഭാര്യ പ്രസന്ന. മക്കൾ: പ്രദീപ് (ഗുജറാത്ത്), പ്രകാശ് (ദുബായ്). മരുമക്കൾ പ്രിയാംശി, രശ്മി.