ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സമാധാനത്തിനായി രണ്ടാംഘട്ട ഇറാൻ-യുഎസ് ചർച്ചകൾക്ക് പാക്കിസ്ഥാൻ വേദിയാകുന്നു. ഇതിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ ഇസ്ലാമാബാദിലെത്തും.
ഇറാൻ മുന്നോട്ടുവയ്ക്കുന്ന സമാധാന നിർദ്ദേശങ്ങളും യുറേനിയം സമ്പുഷ്ടീകരണം, ഉപരോധം നീക്കൽ തുടങ്ങിയ വിഷയങ്ങളും ഈ ചർച്ചയിൽ നിർണായകമാകും.
അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്നർ എന്നിവർ നയിക്കുന്ന യുഎസ് സംഘവും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.
ഇറാൻ തങ്ങളുടെ സമാധാന നിർദ്ദേശങ്ങൾ ചർച്ചയിൽ അമേരിക്കയ്ക്ക് കൈമാറുമെന്നാണ് സൂചന. ഏപ്രിൽ 11, 12 തീയതികളിൽ നടന്ന ആദ്യഘട്ട ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിനെത്തുടർന്ന് വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവുമാണ് രണ്ടാം ഘട്ട ചർച്ചകൾ വൈകാൻ കാരണമായത്.