ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ അമേരിക്കയോട് ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. വാണിജ്യ കപ്പലായ 'സെറ്റബെല്ലോ' ആണ് ആക്രമിക്കപ്പെട്ടത്.
സൊഹാർ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ആയിരുന്നു ആക്രമണം. പലാവു പതാകയുള്ള ഇന്ധനടാങ്കറിൽ ഉണ്ടായിരുന്ന 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ജീവനക്കാരിൽ 21 പേരെ കണ്ടെത്തി രക്ഷപ്പെടുത്തിയിരുന്നു.
എന്നാൽ മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു അമേരിക്കൻ ചാർജ് ഡി അഫയേഴ്സ് ജേസൺ മീക്സിനെ വിളിച്ചുവരുത്തി നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തിയത്.
കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. മേഖലയിലെ ചരക്ക് ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ തീർത്തും ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ പ്രതികരിച്ചു.