ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവരെ പട്ടികജാതി വിഭാഗക്കാരായി കണക്കാക്കാനാകില്ലെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചതിൽ വിയോജിപ്പ് അറിയിച്ചു സിപിഎം പോളിറ്റ് ബ്യൂറോ.
പട്ടികജാതി സമൂഹത്തിന് നൽകുന്ന സംവരണത്തിന്റെയും മറ്റു സംരക്ഷണങ്ങളുടെയും ആശയം ബന്ധപ്പെട്ട സമൂഹങ്ങളുടെ സാമൂഹിക, സാന്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തങ്ങൾ ഉറച്ചുവിശ്വസിക്കുന്നുവെന്ന് സിപിഎം അറിയിച്ചു.
എന്നാൽ നിലവിലെ വിധി, ആ സാമൂഹിക, സാന്പത്തിക പരിഗണനകളേക്കാൾ ബന്ധപ്പെട്ട വിഭാഗത്തിന്റെ മതപരമായ സ്വത്വത്തിനു വ്യക്തമായ മുൻഗണന നൽകുന്നുവെന്നും അതിനാൽത്തന്നെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംവരണവും മറ്റു സംരക്ഷണങ്ങളും പാലിക്കുന്നതിന്റെ ലക്ഷ്യത്തെത്തന്നെ നിലവിലെ ഉത്തരവ് പരാജയപ്പെടുത്തുന്നുവെന്നും സിപിഎം വ്യക്തമാക്കി.