രാജാക്കാട്: ഇടുക്കിയിലെ ഭൂവിഷയങ്ങളും ഇഎസ്എ പോലുള്ള വിഷയങ്ങളും ഉന്നയിച്ച് സിപിഎം 16ന് ആഹ്വാനം ചെയ്തിരിക്കുന്ന ജില്ലാ ഹർത്താലിനെതിരേ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പത്ത് വർഷം തുടച്ചയായി ഭരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരും അഞ്ചു വർഷം മന്ത്രിയും അഞ്ചു വർഷം എംഎൽഎ യുമായിരുന്ന എം.എം. മണിയും അനാവശ്യ ഓർഡിനൻസുകൾ ഇറക്കി കുടിയേറ്റ കർഷകരെ ദുരിതത്തിലാക്കിയിട്ട് ഭരണം മാറി അഞ്ചു മാസം പോലും തികയാത്ത സർക്കാരിനെതിരേ ഹർത്താൽ നടത്തുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണെന്ന് കോൺഗ്രസ് നേതാക്കാൾ ആരോപിച്ചു.
ഇന്നു രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും നാളെ രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും സേനാപതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും 15ന് ശാന്തമ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും യോഗങ്ങൾ നടത്തുമെന്ന് കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.പി. ജോസ്, രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴി, രാജകുമാരി മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ട്, ശാന്തമ്പാറ മണ്ഡലം പ്രസിഡന്റ് ബിജു വട്ടമറ്റം, സേനാപതി മണ്ഡലം പ്രസിഡന്റ് ബെന്നി കൊച്ചുവീട്ടിൽ എന്നിവർ അറിയിച്ചു.
ഇടുക്കി ഹർത്താൽ പിൻവലിക്കണമെന്ന്
ചെറുതോണി: സിപിഎം 16ന് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലാ ഹർത്താൽ പിൻവലിക്കണമെന്ന് കർഷക കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷം ഭരണം നടത്തിയിട്ടും ഇടുക്കിയുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാതെ ഇപ്പോൾ നാലു മാസം മാത്രമായ യുഡിഎഫ് സർക്കാർ ഭൂപ്രശ്നം പരിഹരിച്ചില്ലെന്നു പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് യോഗം ആരോപിച്ചു.
യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സൂട്ടർ ജോർജ്, റോബിൻ കുന്നുംപുറം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നാരായണൻ കുന്നിനി, ജനറൽ സെക്രട്ടറി ഷിജു നരിതൂക്കിൽ, മണ്ഡലം ഭാരവാഹികളായ തോമസ് മുണ്ടൻമല, റോയി കൂനംമാക്കൽ, ജോസ് മലേക്കുടി, മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.