മുക്കൂട്ടുതറ: റോഡിലേക്ക് നായ പാഞ്ഞെത്തിയതിനെ തുടർന്ന് കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി മരത്തിലിടിച്ച് അപകടം. മുക്കൂട്ടുതറ - ഇടകടത്തി റോഡിലാണ് സംഭവം. കണമല സ്വദേശികളായ രണ്ട് യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിലേക്ക് പെട്ടെന്ന് നായ ചാടിയതോടെ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു.
മരത്തിലിടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി. നിസാര പരിക്കേറ്റ ഇരുവരും മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ചികിത്സ തേടി. കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.