തൃശൂർ: പൂട്ടിയിട്ട വീടുകൾക്കു പ്രത്യേക പോലീസ് നിരീക്ഷണ സൗകര്യമൊരുക്കുന്ന പോൽ ആപ്പ് സംസ്ഥാനത്ത് ഇതുവരെ ഉപയോഗിച്ചത് 31,188 പേർ. 17 ലക്ഷം പേരാണു പ്ലേസ്റ്റോറിൽനിന്ന് ആപ്പ് സ്റ്റോറിൽനിന്നുമായി ഇതുവരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. വീടുകൾ പൂട്ടിയിട്ടു യാത്ര ചെയ്യുന്നവർ അക്കാര്യം മൊബൈൽആപ്പ് വഴി അറിയിച്ചാൽ വീട്ടിലും പരിസരത്തും പ്രത്യേക പോലീസ് നിരീക്ഷണം ഏർപ്പെടുത്തുകയാണു ചെയ്യുന്നത്.
പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുന്‍പ് വിവരം നൽകണം. യാത്രപോകുന്ന ദിവസങ്ങൾ, വീടിന്റെ ഫോട്ടോ, സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്റെയോ അയൽവാസിയുടെയോ പേര്, ഫോണ്‍ നന്പർ എന്നിവ ആപ്പിൽ നൽകണം.
യാത്രയ്ക്ക് ഏഴു ദിവസം മുന്‍പുവരെ വിവരം പോലീസിനെ അറിയിക്കാം. പരമാവധി 14 ദിവസംവരെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കും. 14 ദിവസത്തിലധികം സേവനം ആവശ്യമായി വരികയാണെങ്കിൽ പുതിയ അപേക്ഷ സമർപ്പിക്കണം.
സാധാരണക്കാർക്കും ലളിതമായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. പ്ലേസ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽനിന്നും പോൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തെ ഏറ്റവും മികച്ച ജനപ്രിയ ആപ്പുകളിൽ ഒന്നായി കേരള പോലീസിന്റെ പോൽ ആപ്പ് മാറിയെന്നതാണു ശ്രദ്ധേയം.