ചേര്‍ത്തല: ദേശീയപാത നിർമാണത്തിനിടെ പൈപ്പ് പൊട്ടിയതുമൂലം മുഹമ്മ, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, തണ്ണീർമുക്കം തുടങ്ങിയ പഞ്ചായത്തുകളിൽ മുടങ്ങിയ കുടിവെള്ള വിതരണം 30 മുതൽ പുനരാരംഭിക്കും. ദേശീയപാത നിർമാണത്തിനിടെ ചേർത്തലയിൽ കുടിവെള്ള പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട് ചേർത്തല എംഎൽഎ പി. പ്രസാദിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ കൂടിയ യോഗത്തിലാണ് തീരുമാനം.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഡ്രജിംഗ് നടക്കുന്ന കണ്ണങ്കര മേഖലയിൽ റോഡിൽ രൂപപ്പെട്ട ചെളി ഉടൻ വൃത്തിയാക്കുകയും തകർന്ന റോഡുകൾ പുനർനിർമിക്കുകയും ചെയ്യണമെന്ന് എംഎൽഎ യോഗത്തിൽ നിർദേശിച്ചു. ഡ്രജിംഗ് സമയത്ത് കടവുകൾ ഇടിഞ്ഞിട്ടുണ്ടെങ്കിൽ അവ പുനർനിർമിക്കണം.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് തകർന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ കൂറ്റുവേലി ബേക്കറി ജംഗ്ഷൻ റോഡ് അടിയന്തരമായി പുനർനിർമിക്കാൻ ബന്ധപ്പെട്ട കമ്പനിക്ക് എംഎൽഎ കർശന നിർദേശവും നൽകി. യോഗത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർ, എഡിഎം ബി. ജ്യോതി, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ എം. റഹീം, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. സന്തോഷ്കുമാർ, അരുൺ മോഹൻ, എ.കെ. പ്രസന്നൻ, സി.കെ. സരള, എൻഎച്ച്എഐകെസിസി പ്രൊജക്റ്റ് മാനേജർ വി.കെ. സചിത്ത് തുടങ്ങിയവർ പങ്കെടുത്തു.