മുക്കം: രണ്ടു വർഷത്തിലധികമായി മുക്കം ടൗണിലും പരിസരപ്രദേശങ്ങളിലും മുടങ്ങിക്കിടക്കുന്ന കുടിവെള്ള വിതരണം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കുടിവെള്ളം മുടങ്ങിയതോടെ മുക്കത്തെ നിരവധി വ്യാപാരസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും ദൈനംദിന പ്രവർത്തി ദുഷ്കരമായ സാഹചര്യത്തിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ സംവിധാനങ്ങളെയും സമീപിച്ചിട്ടും പരിഹാരമാകാത്തതിന്റെ പാശ്ചാത്തലത്തിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ആശ്വാസം നൽകുന്നതാണെന്നും കേരള വാട്ടർ അഥോറിറ്റി എത്രയും പെട്ടെന്ന് കുടിവെള്ള വിതരണം പുനസ്ഥാപിച്ച് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പ്രയാസങ്ങൾക്ക് പരിഹാരം കാണും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റി മുക്കത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബർ, ജനറൽ സെക്രട്ടറി വി.പി അനീസ്, ട്രഷറർ ഡിറ്റോ തോമസ്, വൈസ് പ്രസിഡന്റുമാരായ ചാലിയാർ അബ്ദുസലാം, സി.കെ. ഹാരിസ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
Tags : local nattuvishesham Drinking water supply