പത്തനംതിട്ട: മദ്യവേട്ടക്കിടെ മദ്യപിച്ചു ലക്കു കെട്ട പോലീസുകാർക്കു സസ്പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിക്കു കീഴിലുള്ള ഡാൻസാഫ് ടീമിലെ രാഹുൽ, പ്രിയേഷ്, സുമൻ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥർ മദ്യപിച്ചു പോലീസ് ജീപ്പ് ഓടിച്ച് അപകടമുണ്ടാക്കി എന്നാണ് പരാതി. മദ്യലഹരിയിൽ ഉദ്യോഗസ്ഥർ ഒാടിച്ച പോലീസ് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ചൊവ്വഴ്ച വൈകുന്നേരമാണ് സംഭവം . ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ ശോഭ തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.
അപകടകരമായ രീതിയിൽ പോയ പോലീസ് ജീപ്പ് ഒടുവിൽ നാട്ടുകാർ ചേർന്നു തടഞ്ഞു. നാട്ടുകാർ തടിച്ചുകൂടി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ, വാഹനത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ആളുകൾ ഒത്തുകൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഈ ഉദ്യോഗസ്ഥൻ ഓടിക്കളഞ്ഞത്.
സംഭവത്തെത്തുടർന്നു കൂടുതൽ പോലീസ് സംഘം സ്ഥലത്ത് എത്തിച്ചേരുകയും വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.