കൊച്ചി: കൈക്കൂലി കേസില്‍ കളമശേരി പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എസ്ഐമാരായ സെബാസ്റ്റ്യന്‍, ഷെമീര്‍, ഡ്രൈവര്‍ ജിജോ എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
പോലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയായ ആസം സ്വദേശി അയ്നുല്‍ അലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ആക്രിക്കടയില്‍ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് സസ്പെന്ഷന്. ആക്രിക്കടയില്‍ എത്തിയ പ്രതി ഇവിടെ നിന്നും വിലങ്ങ് അഴിച്ചുമാറ്റിയിരുന്നു.
പ്രതിയുടെ ബന്ധുവാണ് ആക്രിക്കട ഉടമ. ആക്രിക്കടയില്‍ പരിശോധന നടത്തിയ ശേഷം കേസില്‍ ഉള്‍പ്പെടുത്താതിരിക്കാനായി ഉടമയില്‍നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതായാണ് പരാതി. ഇതേതുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ജൂലൈ 17ന് ആലുവ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതി പോലീസുകാരുടെ കണ്ണു വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. കൈവിലങ്ങ് മുറിച്ചു മാറ്റിയ ശേഷം ആസാമിലേക്കുള്ള ട്രെയ്നില്‍ കയറിയ പ്രതിയെ ജൂലൈ 22ന് ആയിരുന്നു കളമശേരി പോലീസ് പിടികൂടിയത്.