മറയൂർ: മറയൂർ-കാന്തല്ലൂർ പഞ്ചായത്തുകളെ വേർതിരിക്കുന്ന പാമ്പാർ പുഴയിലെ ആഴമുള്ള കയത്തിൽ നീന്താനിറങ്ങിയ രണ്ട് കൗമാരക്കാർ മുങ്ങിമരിച്ചു.
കാന്തല്ലൂർ പഞ്ചായത്തിലെ കീഴാന്തൂർ ഗ്രാമത്തിലെ കന്നിയപ്പന്റെ മകൻ ബാലമുരുകൻ (14), ഗുഹനാഥപുരം സ്വദേശി സുന്ദർരാജിന്റെ മകൻ സഞ്ജിത് (15) എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന ഗുഹനാഥപുരം സ്വദേശികളായ അനീഷിന്റെ മകൻ മനു അനീഷ് (15) അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. മറയൂരിലെ കാട്ടുതീ നിയന്ത്രണത്തിനായി സ്ഥലത്തുണ്ടായിരുന്ന മൂന്നാർ ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി.
മറയൂർ പോലീസ് ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘവും ഉടൻ എത്തി. ഏറെ ശ്രമിച്ച് ഇരുവരെയും കയത്തിൽ നിന്ന് കരയിലെത്തിച്ചു. മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു.