ആലുവ: കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ യുസി കോളജ് കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസന്റെ മകൻ സച്ചിദാനന്ദൻ (സച്ചു, 19) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ മണപ്പുറം ദേശം കടവിനോട് ചേർന്നുള്ള പുഴയിലാണ് അപകടമുണ്ടായത്. അഞ്ചോളം സുഹൃത്തുക്കളുമായി ഇവിടെയെത്തിയ സച്ചു പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
തുടർന്ന് രാത്രി എട്ടോടെ ഉളിയന്നൂരിലെ സ്കൂബ ടീം നടത്തിയ തെരച്ചിലിൽ ദേശംകടവിന് സമീപത്തു നിന്നു തന്നെ മൃതദേഹം കണ്ടെത്തി. ബംഗളൂരുവിൽ ബിബിഎ വിദ്യാർഥിയായിരുന്നു സച്ചു.
ശനിയാഴ്ച തന്റെ ജന്മദിനം വീട്ടുകാരുമൊത്ത് ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് സച്ചു അപകടത്തിൽപ്പെട്ടത്. മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അമ്പിളി (പാനായിക്കുളം അൽഹുദ സ്കൂൾ അധ്യാപിക), സഹോദരൻ: അച്ചു.
Tags : drown death bba student