കയ്പമംഗലം: വിൽപനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടുപേരെ കയ്പമംഗലം പൊലിസ് അറസ്റ്റ് ചെയ്തു. വഴിയമ്പലം വെസ്റ്റ് സ്വദേശി കുളങ്ങരവീട്ടിൽ മിൻഷാദ് (33), പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പിൽ വീട്ടിൽ ഷജിൽ (33) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 35 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം രണ്ടു ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
റൂറൽ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും കയ്പമംഗലം പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെ കയ്പമംഗലം ചളിങ്ങാട് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. കാറിൽ ക്ലച്ച് പെഡലിനു സമീപം ഫ്ലോർ മാറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. അറസ്റ്റിലായ മിൻഷാദ് കയ്പമംഗലം, കൊടുങ്ങല്ലൂർ, മതിലകം സ്റ്റേഷൻ പരിധികളിലായി ഒമ്പത് ക്രിമിനൽക്കേസുകളിൽ കേസുകളിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ. രതീഷ് കുമാർ, മതിലകം സർക്കിൾ ഇൻസ്പെക്ടർ വി. വിമൽ, കയ്പമംഗലം പൊലിസ് സ്റ്റേഷൻ എസ്ഐ രഞ്ജിത്ത്, തൃശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ എസ് ഐ സി.ആർ. പ്രദീപ്, എസ് ഐ പി. ജയകൃഷ്ണൻ, എസ്ഐ സതീശൻ മടപ്പാട്ടിൽ, ഗ്രേഡ് എസ്ഐ ടി.ആർ. ഷൈൻ, ഗ്രേ ഡ് എഎസ്ഐ എ.യു. റെജി തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.