പേരൂർക്കട: തീർത്തും ഉപയോഗശൂന്യമായി റോഡ് വശത്തു പാർക്ക് ചെയ്തിരിക്കുന്ന കാർ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു.പേരൂർക്കട-മണ്ണാമൂല റോഡിൽ മണ്ണാമൂല സ്കൂളിനു സമീപമാണ് കാറുള്ളത്. ഏകദേശം നാലു വർഷമായി കാർ ഇതേ സ്ഥാനത്തു കിടക്കുകയാണെന്ന് പരിസരവാസികൾ പറയുന്നു. മഴയും വെയിലുമേറ്റു തുരുമ്പു പിടിച്ച കാറിന്റെ പിറകുവശത്തെ ഡിക്കി ഗ്ലാസ് പൂർണമായും ഇളകിപ്പോയ നിലയിലാണ്. ഈ ഭാഗത്തു കൂടിയാണ് മാലിന്യം നിക്ഷേപിക്കുന്നത്.
വാഹനത്തിന്റെ നാല് ഭാഗവും തുരുമ്പെടുത്തു നശിച്ചതോടെ ഇതിന്റെ ഉള്ളിൽ ഉണ്ടായിരുന്ന സീറ്റും മറ്റു സാധനങ്ങളും സാമൂഹികവിരുദ്ധർ ഇളക്കിക്കൊണ്ടുപോയി. ഇപ്പോൾ 90 ശതമാനവും ബോഡി മാത്രമാണ് അവശേഷിക്കുന്നത്.
മണ്ണാമൂല റോഡിൽ ഇരുവശത്തുമായി ഏകദേശം പത്തോളം പഴക്കച്ചവടക്കാർ ഉണ്ട്. ഇവിടെ സാധനം വാങ്ങാൻ എത്തുന്നവരും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും ചില്ലുപൊട്ടിയ ഭാഗത്തുകൂടിയാണ് മാലിന്യം കാറിനുള്ളിൽ നിക്ഷേപിക്കുന്നത്. നിരന്തരമുള്ള മഴ മൂലം പുൽച്ചെടികൾ വളർന്നു കാറിനോളം പൊക്കമെത്തിയതോടെ മാലിന്യനിക്ഷേപം എളുപ്പമായി മാറി.
ചില സമയങ്ങളിൽ നായ് ക്കൾ കാറിനുള്ളിലേക്കു ചാടിക്കടന്നു മാലിന്യത്തിൽ നിന്ന് ആഹാരം കണ്ടെത്തി തിന്നശേഷം പുറത്തുച്ചാടി പോകുന്ന കാഴ്ച സ്ഥിരമായിട്ടുണ്ട്. ഏതാണ്ടു പൂർണമായി തുരുമ്പെടുത്ത അവസ്ഥയിൽ കിടക്കുന്ന കാർ പേരൂർക്കട പൊലിസ് അടിയന്തരമായി ഇടപെട്ട് സ്റ്റേഷനിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കാറിന്റെ മറപറ്റി മദ്യപ സംഘങ്ങൾ തമ്പടിക്കുന്നുണ്ട്.
പരിസരത്തു കുന്നുകൂടി കിടക്കുന്ന മദ്യക്കുപ്പികൾ ഇതിന് ഉദാഹരണമാണ്. ഈ ഭാഗത്ത് രാത്രികാലങ്ങളിൽ വെളിച്ചം ഇല്ലാത്ത അവസ്ഥയിലാണ്. ഇതു മദ്യപാനികൾക്കും സാമൂഹികവിരുദ്ധർക്കും അനുഗ്രഹമായി മാറുന്നത്. പേരൂർക്കട പൊലിസ് അടിയന്തരമായി ഇടപെട്ട് കാർ മറ്റൊരു സ്ഥാനത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ു