കാസർഗോഡ്: മന്ത്രി ഒ.ജെ. ജനീഷിന്റെ കാർ തടഞ്ഞ സംഭവത്തിൽ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും നാല് ഡിവൈഎഫ്ഐ പ്രവർത്തകരുമാണ് അറസ്റ്റിലായത്. നിയമവിരുദ്ധമായി സംഘം ചേർന്ന് മന്ത്രിയുടെയും പൊലിസിന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മന്ത്രിയുടെ വാഹനത്തിന് നേരെ അതിക്രമം നടത്തിയെന്നുമാണ് കേസ്.
സിപിഎം ഒഴിഞ്ഞവളപ്പ് ബ്രാഞ്ച് സെക്രട്ടറി അഖിൽ ഒഴിഞ്ഞവളപ്പ് (32), ഡിവൈഎഫ്ഐ ഹൊസ്ദുർഗ് മേഖലാ ഖജാൻജി സബിൻ കൊവ്വൽപ്പള്ളി (29), ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി നിധിൻ കുശാൽനഗർ (33), അനീഷ് ചാമുണ്ഡിക്കുന്ന് (29), ബിനീഷ് കിഴക്കുംകര (37) എന്നിവരാണ് അറസ്റ്റിലായത്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച കാഞ്ഞങ്ങാട് പുതിയകോട്ടയിൽവച്ചായിരുന്നു സംഭവം. മന്ത്രി ജനീഷ് കലാപത്തിന് ആഹ്വാനം ചെയ്തെന്നാരോപിച്ചായിരുന്നു നീലേശ്വരം, കാഞ്ഞങ്ങാട്, കുറ്റിക്കോൽ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട്ടെ സംഭവത്തിൽ പത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നേരത്തെ കേസെടുത്തിരുന്നു.
പ്രതിഷേധത്തിനിടെ മന്ത്രിയുടെ കാറിന്റെ ബോണറ്റിൽ കയറി കിടന്ന പ്രവർത്തകനെയും കൊണ്ട് വാഹനം ഏതാനും മീറ്ററുകൾ മുന്നോട്ടുപോയിരുന്നു. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ചാടിവീഴുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.