ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇറാൻ-യുഎസ് ഏറ്റുമുട്ടൽ. എന്നാൽ, വെടിനിർത്തൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഹോർമുസിലൂടെ കടന്നുപോയ മൂന്ന് യുഎസ് യുദ്ധക്കപ്പലുകൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുകയും സ്പീഡ് ബോട്ടുകളെ അയയ്ക്കുകയും ചെയ്തതായി യുഎസ് സേന പറഞ്ഞു.
എന്നാൽ, അമേരിക്കൻ സേന തങ്ങളുടെ എണ്ണടാങ്കർ ആക്രമിക്കുകയും തീരപ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തുകയും ചെയ്തതായി ഇറാൻ ആരോപിച്ചു.
ഇറാനും അമേരിക്കയും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വക്കിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്നലത്തെ സംഭവവികാസങ്ങൾ. ഇന്നലെ യുഎഇയ്ക്കു നേർക്കും ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.
പ്രകോപനമില്ലാതെയാണ് ഇറാൻ യുഎസ് യുദ്ധക്കപ്പലുകൾ ആക്രമിച്ചതെന്ന് യുഎസ് സേനയിലെ പശ്ചിമേഷ്യാ ചുമതലയുള്ള സെൻട്രൽ കമാൻഡ് പറഞ്ഞു. ആക്രമണം ചെറുത്തു തോൽപ്പിച്ചെന്നും ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലടക്കം കനത്ത തിരിച്ചടി നല്കിയെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
ബന്ദർ ഖമീർ, സിറിക്, ഖാഷെം എന്നീ തീരപ്രദേശങ്ങളിൽ അമേരിക്കൻ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലും ടെഹ്റാനിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറേനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സ്പീഡ് ബോട്ടുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ അമേരിക്കൻ സേന തകർത്തതായി പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഇറാൻ എത്രയും വേഗം കരാറിനു തയാറായില്ലെങ്കിൽ കനത്ത ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ഇന്നലത്തെ ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു.