Kerala
കോഴിക്കോട്: പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഏഴാമത് ഇഎസ്എ (പരിസ്ഥിതി ലോല പ്രദേശം) കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട കേരളത്തിലെ 131 വില്ലേജുകളിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ മേഖലയിലെ ജനവാസ- കാര്‍ഷിക ഭൂമികളെ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമായി സ്വീകരിച്ചുവരികയാണെന്നു കൃഷിമന്ത്രി ടി. സിദ്ദിഖ്.
2026 ജൂലൈ 25ന് പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്മേല് ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള 60 ദിവസത്തെ സമയപരിധി ഈ മാസം 24-ന് അവസാനിക്കാനിരിക്കേ സര്‍ക്കാരിന്റെ സമഗ്രവും കൃത്യവുമായ മറുപടി സമയബന്ധിതമായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു സമര്‍പ്പിക്കും.
സംസ്ഥാനത്തെ മുപ്പതിലധികം വില്ലേജുകളെ പട്ടികയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കാനും ബാക്കിയുള്ള വില്ലേജുകളില്‍ ജനവാസ കേന്ദ്രങ്ങളെയും കാര്‍ഷിക ഭൂമികളെയും ഇഎസ്എ പരിധിയില്‍ നിന്ന് മാറ്റാനുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വിഷയത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി മുഖ്യമന്ത്രി, പരിസ്ഥിതി, കൃഷി, റവന്യു, വനം വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തുടര്‍ കൂടിയാലോചനകള്‍ നടന്നുവരികയാണ്.
കൂടാതെ, പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ ശാസ്ത്രീയമായ തെളിവുകളും കര്‍ഷകരുടെ ആശങ്കകളും വ്യക്തമായി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കിയാകും പരിസ്ഥിതി ദുർബല മേഖല വിജ്ഞാപനം ഇറക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
വനപ്രദേശങ്ങളാകും പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെടുത്തുക. കേരളത്തിൽ വനപ്രദേശത്തിന്റെ വിസ്തൃതി കൂടുതലാണ്. ഇക്കാര്യം സമിതിയെ അറിയിച്ചിട്ടുണ്ട്. 29 ശതമാനം ഇവിടെ വനപ്രദേശമാണ്. ദേശീയ തലത്തിൽ ഇത് 21 ശതമാനം മാത്രമാണ്. എൻവയോണ്‍മെന്റ് മാപ്പ് പ്രസിദ്ധീകരിക്കും.
സ്ലോട്ടർഹൗസുകളിലെ മേഖലയിൽ മാറ്റം വരുത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതിലോല മേഖല ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 131 വില്ലേജുകളിലായി ചുരുക്കാൻ നിർദേശിച്ചിരുന്നു.
കഴിഞ്ഞ സർക്കാർ ഇത് 8590 ചതുരശ്ര കിലോമീറ്ററായി കുറച്ചിരുന്നു. അതിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമം. കാർഡമം ഹിൽ റിസർവ് മുഴുവൻ ഒഴിവാക്കണമെന്നാണ് ആവശ്യം.
ഒരു ജനവാസ പ്രദേശവും പരിസ്ഥിതിലോല മേഖലയാക്കരുതെന്ന ആവശ്യവുമായി താനും പരിസ്ഥിതി മന്ത്രിയും ഡൽഹിക്കു പോയി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
കുളത്തൂപ്പുഴ : പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനത്തില്‍ നിന്ന് ജനവാസ മേഖലയായ കുളത്തൂപ്പുഴ വില്ലേജ്, തിങ്കള്‍ക്കരിക്കം വില്ലേജ് എന്നിവ ഉള്‍പ്പെടുത്തിയത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങുന്നു.
കര്‍ഷകരുടെ കൂട്ടായ്മയായ കേരള സംസ്ഥാന കര്‍ഷക സംഘടനയുടെ നേതൃത്വത്തിലാണ് (കെഎസ്കെഎസ്) സമരം ആരംഭിക്കുന്നത്. തങ്ങളുടെ കൃഷി ഭൂമി സംരക്ഷിക്കുവാന്‍ ഏത് സമരവും സ്വീകരിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കുളത്തൂപ്പുഴ വില്ലേജില്‍ ഉള്‍പ്പെട്ട വനത്തില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച കല്ലാര്‍ എസ്റ്റേറ്റിന്റെ കുറെ ഭാഗങ്ങള്‍ ഒഴിവാക്കിയും കുളത്തൂപ്പുഴയിലെ രണ്ട് വില്ലേജില്‍പ്പെട്ട വാര്‍ഡുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുത്തിയുമാണ് കരട് വിജ്ഞാപനം ഇറക്കിയത്.
1961 -ല്‍ നിര്‍മാണം തുടങ്ങി 1986 മെയ് 26 ന് കമ്മീഷന് ചെയ്ത തെന്മല അണക്കെട്ട് നിലവില്‍ വന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന നിരവധി കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് അന്ന് വനമായിരുന്ന മേഖലയിലായിരുന്നു. സാംനഗര്‍ അമ്പതേക്കര്‍ മേഖലകളില്‍ ആയിരുന്നു ശ്രീലങ്കന്‍ അഭയാര്‍ഥികളെ താമസിപ്പിച്ചത്. മനുഷ്യരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ടായിരുന്നു പ്രദേശത്തെ ജനവാസ മേഖലയാക്കി മാറ്റിയെടുത്തത്. ഈ പ്രദേശങ്ങളാണ് കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 50 വര്‍ഷത്തെ പ്രദേശത്തെ ഭൂമിശാസ്ത്രം പരിശോധിച്ചാല്‍ കുളത്തൂപ്പുഴ വില്ലേജിനെ ഇഎസ്ഐയില്‍ ഉള്‍പ്പെടുത്തുവാനുള്ള നടപടികള്‍ക്ക് ഒരു കാരണവും കാണാന്‍ കഴിയില്ലെന്ന് കര്‍ഷക സംഘടന പറയുന്നു. മഹാപ്രളയത്തിലും ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയങ്ങളിലും ഈ പറയുന്ന വില്ലേജുകളില്‍ ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ കാരണം ആള്‍നാശമോ മറ്റു നാശങ്ങളോ ഉണ്ടായിട്ടില്ല. കല്ലടയാറിന്റെ ജലനിരപ്പ് ഉയരുമ്പോള്‍ നദിക്കരയില്‍ താമസിക്കുന്നവരെ രണ്ടോ മൂന്നോ ദിവസത്തേക്ക് ക്യാമ്പിലേക്ക് മാറ്റും.
ഈ പ്രദേശങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെട്ട അനധികൃത നിര്‍മാണങ്ങളോ അനധികൃത ക്വാറികളോ പ്രവര്‍ത്തിക്കുന്നില്ല. ഈ പ്രദേശങ്ങളില്‍ പ്രകൃതിക്ഷോഭം മൂലമുള്ള നാശനങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ വീട് വച്ച് കൃഷി ചെയ്തു ജീവിച്ചു പോരുന്നതും ആയിരക്കണക്കായ ആദിവാസികളും മറ്റുള്ളവരുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. കുളത്തൂപ്പുഴയില്‍ ചേര്‍ന്ന യോഗം കെഎസ്കെഎസ് ജില്ലാ സെക്രട്ടറി പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സി .ജെ. സുരേഷ് ശര്‍മ അധ്യക്ഷത വഹിച്ചു. ഡാലി ശശികുമാര്‍, പി. വിജയമ്മ, വില്‍സണ്‍ വില്ലുമല, സി. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Kerala
ചെറുതോണി: പരിസ്ഥിതിലോല മേഖല നിർണയത്തിന്റെ മറവിൽ മലയോരത്തുനിന്നു കർഷകരെ പുറത്താക്കാനുള്ള മനുഷ്യത്വരഹിതമായ നീക്കം മലയോരങ്ങളെ കർഷകരുടെ ശവപ്പറമ്പുകളാക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ.
പശ്ചിമഘട്ട മലനിരകളിലെ കർഷകരും കർഷക സംഘടനകളും ജനപ്രതിനിധികളും ഉന്നയിച്ച പ്രശ്നങ്ങളും ജനകീയപ്രതിഷേധങ്ങളും കണക്കിലെടുക്കാതെയാണ് വീണ്ടും കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളുടെ ആധിയും ആശങ്കകളും വർധിപ്പിച്ചിരിക്കുകയാണ്.
ജനാഭിലാഷം കണക്കിലെടുത്ത് പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം വൈകുന്നതുമൂലം മലയോര ജനതയുടെ മാനവും മണ്ണിന്റെ മൂല്യവും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരകളിലെ ജനങ്ങൾ അപ്രഖ്യാപിത കുടിയിറക്കിന് നിർബന്ധിതരാകുകയാണ്.
പതിറ്റാണ്ടുകളായി പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും അവരുടെ വീടും കൃഷിയിടങ്ങളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ളവ വിട്ടൊഴിഞ്ഞുപോകേണ്ടി വരുമെന്നുള്ള ആശങ്കകൾക്ക് അറുതി വരുത്തുവാൻ ഉതകുന്ന അന്തിമവിജ്ഞാപനം ഉണ്ടായേ മതിയാകൂ. അന്തിമമായ തീരുമാനം അനന്തമായി നീളുന്നതുവഴി അനിശ്ചിതത്വം വർധിക്കുകയാണ്.
ഇഎസ്എ പരിധിയിൽനിന്നു ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കപ്പെടണമെന്നുള്ളതാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ 12 വർഷംകൊണ്ട് കരട് വിജ്ഞാപനത്തിലെ നിർദേശങ്ങളുടെ പോരായ്മകൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുകൾക്കു കഴിഞ്ഞില്ല.
9993.7 ചതുരശ്ര കിലോമീറ്റർ എന്നത് 8590.69 ചതുരശ്ര കിലോമീറ്ററായി പുനർനിർണയിക്കുന്നതിന് കേന്ദ്രസർക്കാരിന്മേൽ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ല. ഇതേ പ്രതിസന്ധി നേരിട്ട തമിഴ്നാടും ഗോവയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുകയും അവരുടെ താത്പര്യങ്ങൾക്ക് അനുസൃതമായി പരിസ്ഥിതി ലോല മേഖലയിലെ ഭൂവിസ്തൃതി ഗണ്യമായി കുറയ്ക്കുകയും ചെയ്തു.
കേരള സർക്കാരിന്റെ നടപടിക്രമങ്ങളിലെ കാലതാമസവും വകുപ്പുകളുടെ ഏകോപനമി ല്ലായ്മയുമാണ് ഈ ദുരന്തത്തിലേക്ക് മലയോര ജനതയെ എത്തിച്ചത്. മറ്റ് സംസ്ഥാനങ്ങൾ ചെയ്തതുപോലെ കൃത്യമായ ഫീൽഡ് സർവേയും ശാസ്ത്രീയമായ മാപ്പിംഗും ജിയോ സ്പെഷൽ മാപ്പിംഗും ഉൾപ്പെടെയുള്ളവ അടിയന്തരമായി പൂർത്തീകരിച്ച് റവന്യു വില്ലേജുകളും ഫോറസ്റ്റ് വില്ലേജുകളും കൃത്യമായി അടയാളപ്പെടുത്തി കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തണം.
അതുവഴി കരട് വിജ്ഞാപനത്തിൽ നിർണയിച്ചിരിക്കുന്നതിൽനിന്നു ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും കൃഷിഭൂമിയും പൂർണമായി ഒഴിവാക്കണം. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും രാഷ്ട്രീനേതാക്കളും അടിയന്തരമായി ഇടപെടണമെന്നും കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശ (ഇഎസ്എ) നിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യത്ത് ഏറ്റവും കൃത്യവും വിശദവുമായ പഠനം നടത്തിയ സംസ്ഥാനം കേരളമാണെന്നും ഇത് കേന്ദ്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.
ഇഎസ്എ നിർണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയർന്ന ജനസാന്ദ്രതയുണ്ടായിട്ടും സംസ്ഥാനത്തിന് മികച്ച വനവിസ്തൃതിയും പച്ചപ്പും നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ മുൻകാലങ്ങളിൽ തെറ്റി വനമായി വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങൾ ഒഴിവാക്കുമെന്ന ഉറപ്പ് സർക്കാർ നടപ്പാക്കും.
ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെടെ ഹൈക്കോടതിയിലും മറ്റ് കോടതികളിലും സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളിൽ സർക്കാർ വകുപ്പുകൾ ഏകീകൃത നിലപാട് സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിസ്തൃതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം സമർപ്പിച്ച കണക്കുകൾ കൃത്യമാണെന്ന് യോഗം വിലയിരുത്തി. പരിസ്ഥിതി സംരക്ഷണത്തിൽ കേരളം സ്വീകരിച്ച നടപടികൾ കേന്ദ്രതല ഇഎസ്എ സമിതിയെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.
മന്ത്രിമാരായ സണ്ണി ജോസഫ്, ഷിബു ബേബി ജോൺ, ടി. സിദ്ദിഖ്, എ.പി.അനിൽകുമാർ, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.