മുണ്ടക്കയം: ടൗണിലെ വ്യാപാരസ്ഥാപനത്തിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ യുവാവിന് ഗുരുതര പരിക്ക്. രക്ഷിക്കാൻ ശ്രമിച്ച സ്ഥാപനത്തിന്റെ മാനേജർക്കും വീഴ്ചയിൽ പരിക്കേറ്റു. കോരുത്തോട് മടുക്ക പുത്തൻപുരയ്ക്കൽ അജിത്തി (20)നാണ് വൈദ്യുതാഘാതമേറ്റത്.
ശനിയാഴ്ച രാവിലെ 11.30ഓടെ ദേശീയപാതയോരത്തെ കൂട്ടിക്കൽ ജംഗ്ഷനിലാണ് അപകടം നടന്നത്. വ്യാപാരസ്ഥാപനത്തിന്റെ രണ്ടാം നിലയുടെ മുൻഭാഗത്ത് ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ സമീപത്തുകൂടി കടന്നുപോകുന്ന കെഎസ്ഇബി ഹൈടെൻഷൻ ലൈനിൽ അജിത്ത് അബദ്ധത്തിൽ സ്പർശിക്കുകയായിരുന്നു.
ഷോക്കേറ്റ അജിത്ത് കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തെറിച്ചുവീണു. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
അജിത്ത് മുകളിൽനിന്ന് താഴേക്ക് വീഴുന്നതു കണ്ട വ്യാപാരസ്ഥാപനത്തിന്റെ മാനേജർ മുജീബ് അജിത്തിനെ പിടിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിനും സാരമായി പരിക്കേറ്റു. മുജീബിന്റെ കാലിനാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചത്.