മരട്: സംസ്ഥാനത്ത് പാമ്പ് ഭീഷണി തുടരുന്നതിനിടയിൽ കൊച്ചി നെട്ടൂരിലെ കാടുപിടിച്ചു കിടന്ന പറമ്പിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തി. പാമ്പിനൊപ്പം 18 മുട്ടകളും കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. നെട്ടൂർ ഐഎൻടിയുസി ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മലമ്പാമ്പിനെ കണ്ടത്. പറമ്പിലെ കാടുവെട്ടിത്തെളിക്കുന്നതിനിടയിലാണ് തൊഴിലാളികൾ പാമ്പിനെ ശ്രദ്ധിച്ചത്. ഉടൻ തന്നെ നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു.
മാളത്തിനുള്ളിൽ മുട്ടകൾക്ക് മുകളിൽ ചുരുണ്ടുകൂടി ഇരിക്കുന്ന അവസ്ഥയിലായിരുന്നു പാമ്പ്. സുരക്ഷിതമായ രീതിയിൽ പാമ്പിനെയും 18 മുട്ടകളെയും വനംവകുപ്പ് അധികൃതർ പിടികൂടി.
സമീപപ്രദേശങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന പറമ്പുകൾ ധാരാളമുള്ളതിനാൽ ഇനിയും പാമ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. ജനവാസ മേഖലയായതിനാൽ കാടുമൂടി കിടക്കുന്ന സ്ഥലങ്ങൾ ഉടൻ വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
പിടികൂടിയ മലമ്പാമ്പിനെയും മുട്ടകളെയും വനംവകുപ്പിന്റെ കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ മുട്ടകൾ വിരിയിച്ച് കുഞ്ഞുങ്ങളെ വനത്തിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു