പാലക്കാട്: വല്ലാത്ത തൊന്തരവായി മാറിയിട്ടുണ്ട് പന്നിക്കൂട്ടങ്ങൾ. പാടത്തും പറന്പിലും റോഡിലുമെല്ലാം ഇവ ചീറിപ്പായുന്പോൾ ശ്വാസമടക്കിനിൽക്കാനേ തരമുള്ളൂ. ശ്രദ്ധ തെല്ലൊന്നുപാളിയാൽ ആശുപത്രിക്കിടക്കയിലായിരിക്കും നമ്മൾ. പന്നികളെ തുരത്താൻ വഴികളേറെ പരീക്ഷിച്ച കർഷകരും പൊതുജനങ്ങളും വല്ലാത്ത പൊല്ലാപ്പാണു നേരിടുന്നത്.
ഇനി പുതിയ പരീക്ഷണമാണ്. പാലക്കാട് ജില്ലയുടെ കിഴക്കൻമേഖലയിൽ വൈറലാകുന്നൊരു പരീക്ഷണം. മൂക്കത്തു വിരൽവച്ചുപോകുന്ന പരീക്ഷണം. ചെറിയൊരു ട്വിസ്റ്റുണ്ട്- മൂക്കത്ത് വിരൽവച്ചാൽമാത്രം പോരാ. മൂക്ക് അമർത്തിപ്പിടിച്ചാലേ രക്ഷയുള്ളൂ.
തമിഴ്നാട്ടിലെ കർഷകർ പരീക്ഷിച്ച മുട്ടകൊണ്ടുള്ള കൂടോത്രമാണിത്. അതാണു പാലക്കാട്ടും ചെയ്തുതുടങ്ങിയിട്ടുള്ളത്. മൂന്നു മുട്ടയെടുത്ത് ഒരുപാത്രത്തിൽ നല്ലതുപോലെ അടിച്ചുടയ്ക്കുക- ഓംലറ്റുണ്ടാക്കാൻ ചെയ്യുന്നപോലെ. പിന്നീട് മറ്റൊരു പാത്രത്തിൽ പത്തുലിറ്റർ വെള്ളമെടുക്കുക. വെള്ളത്തിൽ മുട്ടമിശ്രിതം കലക്കിയശേഷം ഏഴുനാൾ മാറ്റിവയ്ക്കുക. മാറ്റിവച്ചില്ലെങ്കിൽ കുടുംബക്കാർ തന്നെ പ്രശ്നമുണ്ടാക്കിയേക്കാം!
എട്ടാംനാൾ പന്നിശല്യമുള്ള ഇടങ്ങളിൽ തളിക്കുക. ചിരട്ടയിലാക്കി പലയിടത്തും വയ്ക്കാം. പിന്നീട് പന്നികളുടെ പൊടിപോലും കാണില്ലെന്ന് ഈ വിദ്യ ഉപയോഗിച്ചവർ പറയുന്നു. അത്രയേറെ ദുർഗന്ധപൂരിതമായിരിക്കും പ്രദേശം. പന്നികളാകട്ടെ കടന്നുവന്ന വഴിപോലും മറന്നുപോകും.
പലയിടത്തും ഈ മുട്ടവിദ്യ വിജയകരമെന്നു കർഷകർ പറയുന്നു. ഇനി ഷൂട്ടർമാരെ കാത്തിരിക്കേണ്ട, മുട്ടവിദ്യ പരീക്ഷിച്ചുനോക്കാം. പരീക്ഷണങ്ങളിൽ വിശ്വാസമില്ലാത്ത അധികാരികളിൽ ചിലർ കളിയാക്കിക്കൊണ്ട് മൂക്കത്തു വിരൽവയ്ക്കുന്പോൾ കർഷകർ പറയുന്നു- സ്വന്തം മൂക്കുപൊത്താൻ അധികാരികളുടെ അനുവാദം വേണ്ടല്ലോ...