പാലപ്പിള്ളി: കന്നാറ്റുപാടത്ത് വീടിന് നേരെ കാട്ടാന ആക്രമണം. വീട്ടുമുറ്റത്തേക്ക് മരങ്ങള്‍ മറിച്ചിട്ട ആനക്കൂട്ടത്തിന് മുന്‍പില്‍പെട്ട വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കന്നാറ്റുപാടം ഗവ.സ്കൂളിന് പുറകില്‍ താമസിക്കുന്ന പുത്തിരിത്തിപറമ്പില് തങ്കമണിയുടെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.
തങ്കമണിയുടെ മകന് ഉണ്ണികൃഷ്ണനും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടില്‍ താമസിക്കുന്നത്. പുലര്‍ച്ചെ ടാപ്പിംഗിന് പോകാനായി വീടിന്റെ പുറകില്‍ ഇറങ്ങിയ ഉണ്ണികൃഷ്ണന് ആനകളുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ആനകളെ കണ്ടയുടനെ അകത്തേക്ക് ഓടി വാതിലടച്ചതുമൂലം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കുട്ടികള്‍ ഉള്‍പ്പടെ ആറ് ആനകളാണ് ഈ സമയത്ത് പറമ്പില്‍ ഉണ്ടായിരുന്നത്. സമീപത്തുള്ള മൂര്‍ക്കാട്ടില്‍ സാജന്റെ പറമ്പിലെ തെങ്ങും, പ്ലാവും, കവുങ്ങുകളും തങ്കമണിയുടെ പറമ്പിലേക്ക് ആനകള്‍ മറിച്ചിട്ടു. അതിര്‍ത്തിയിലെ കല്ല്ഭിത്തി തകര്‍ത്ത ആനകള്‍ തങ്കമണിയുടെ മുറ്റത്തുണ്ടായിരു
ന്ന പാത്രങ്ങളും നശിപ്പിച്ചു. മറിച്ചിട്ട പ്ലാവ് വീണ് പട്ടികൂടിനും കേടുപാടുകള്‍ സംഭവിച്ചു.
രണ്ട് മണിക്കൂറിലേറെ പറമ്പില്‍ നിലയുറപ്പിച്ച ആനക്കൂട്ടത്തെ ഭയന്ന് പുറത്തിറങ്ങാനാകാതെയാണ് വീട്ടുകാര്‍ കഴിഞ്ഞത്.
നേരം വെളുത്ത ശേഷമാണ് ആനകള്‍ കാടുകയറിയത്. ജനവാസ മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു.