എടക്കര: പ്രളയത്തെത്തുടര്‍ന്ന് മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്സുകളില്‍ അഭയം തേടിയ ആദിവാസികള്‍ എട്ട് വര്‍ഷത്തിന് ശേഷം ഊരില്‍ തിരിച്ചെത്തിയപ്പോള്‍ നേരിടുന്നത് കടുത്ത ദുരിതം. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി ഉള്‍വനത്തിലെ തണ്ടന്‍കല്ല് ഊര് നിവാസികളാണ് തകര്‍ന്നടിയാറായ വീടുകളില്‍ വന്യമൃഗങ്ങളെ ഭയന്ന് ജീവിതം തള്ളിനീക്കുന്നത്. വാസയോഗ്യമായ സ്ഥലം കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ വന്നതോടെയാണ് രണ്ട് മാസം മുമ്പ് ക്വാര്‍ട്ടേഴ്സിലെ ദുരിതജീവിതം അവസാനിപ്പിച്ച് കുടുംബങ്ങള്‍ ഊരിലേക്ക് മടങ്ങിയത്.
മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന് പിറകിലായി മൂന്ന് വശവും വനത്താല്‍ ചുറ്റപ്പെട്ടാണ് തണ്ടന്‍കല്ല് ഊര്. 2019ലെ പ്രളയത്തില്‍ ചാലിയാര്‍ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ വെള്ളം കയറിയാണ് ഊരിലെ വീടുകള്‍ വാസയോഗ്യമല്ലാതായത്.
തുടര്‍ന്ന് വിത്തുകൃഷിത്തോട്ടത്തില്‍ തൊഴിലാളികള്‍ക്കായി നിര്‍മിച്ച് പിന്നീട് ഉപേക്ഷിക്കപ്പെട്ട ക്വാര്‍ട്ടേഴ്സുകളിലേക്ക് ജില്ലാ ഭരണകൂടം ഇവരെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.
വര്‍ഷങ്ങളോളം ചോര്‍ന്നൊലിക്കുന്ന ക്വാര്‍ട്ടേഴ്സുകളില്‍ കഴിഞ്ഞ ഇവര്‍ സ്വന്തമായി ഭൂമിയും വീടും ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഊരിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഇവിടുത്തെ മിക്ക വീടുകളും തകര്‍ന്നടിഞ്ഞ നിലയിലാണ്.
ഉള്ളവ കാടുകയറി വാസയോഗ്യമല്ലാതായി. കുടിവെള്ളം, വൈദ്യുതി, ശുചിമുറികള്‍ തുടങ്ങി യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഊരിലില്ല. ഇതിന് പുറമേയാണ് ഊര് നിവാസികള്‍ നേരിടുന്ന നിരന്തര കാട്ടാന ഭീഷണി.
വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ ഊരിന് ചുറ്റും നിര്‍മിച്ച കിടങ്ങും കരിങ്കല്‍ മതിലും വര്‍ഷങ്ങള്‍ക്ക് മുമ്പേ തകര്‍ന്നുപോയി. പിഞ്ചുകുട്ടിയടക്കം നിരവധി പേര് മുന്‍പ് ഊരില്‍ കാട്ടാനയാക്രമണത്തിന് ഇരയായിട്ടുണ്ട്. ആകെ 33 കുടുംബങ്ങളുള്ള ഊരിലേക്ക് ഊര് മൂപ്പന് സുരേഷിന്റെ നേതൃത്വത്തിലുള്ള എട്ട് കുടുംബങ്ങളാണ് ഇപ്പോള്‍ മടങ്ങിയെത്തിയത്. വീടുകള്‍ തകര്‍ന്നതിനാല്‍ അഞ്ച് കുടുംബങ്ങള്‍ ഊരിലെ ബാലവിജ്ഞാന കേന്ദ്രത്തിലാണ് താമസിക്കുന്നത്. കാട്ടാനയിറങ്ങുന്ന സമയത്ത് ബാലവിജ്ഞാന കേന്ദ്രത്തിന്റെ മുകളിലാണ് ഇവര്‍ അഭയം തേടുന്നത്. പുനരധിവാസം യാഥാര്‍ഥ്യമാകാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണ് ഈ കുടുംബങ്ങള്‍.