മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് 19 വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തേവലത്തില്‍ കൃഷ്ണന്റെയും സുശീലയുടെയും മകന് അക്ഷയ് കൃഷ്ണന് ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ മുള്ളുംപുറം സ്റ്റോഴ്സിലെ ജീവനക്കാരനാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിര്‍മിച്ച മൂന്നുനില കെട്ടിടത്തിലാണ് കടയുടെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. വെള്ളൂര്‍ക്കുന്നത്ത് നഗരസഭ ബില്‍ഡിംഗിലുള്ള കടയിലെ ജീവനക്കാരനായ അക്ഷയ് സാധനങ്ങള്‍ എടുക്കാനായാണ് ഗോഡൗണിലേക്ക് എത്തിയത്. മുകള്‍ നിലകളിലാണ് സ്റ്റോക്ക് ചെയ്തിരിക്കുന്നത്.
ഗോഡൗണില്‍ ആവശ്യമുള്ള സാധനം കണ്ടെത്താന്‍ പറ്റാത്തതിനെ തുടര്‍ന്ന് കടയിലേക്ക് വിളിച്ചിരുന്നു. മറ്റൊരു ജീവനക്കാരന് എത്തിയപ്പോഴാണ് അക്ഷയ് നിലത്തുവീണ് കിടക്കുന്നത് കണ്ടത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
മൂന്നാമത്തെ നിലയില്‍ നിന്ന് ലിഫ്റ്റ് പൊട്ടി താഴേക്ക് പതിക്കുന്നതിന്റെയും അക്ഷയ് നിലത്തേക്ക് തെറിച്ച് വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അസ്വാഭാവിക മരണത്തിന് പൊലിസ് കേസ് എടുത്തു. നിര്‍ധന കുടുംബത്തിന് ഏക അത്താണിയായിരുന്നു അക്ഷയ്. സഹോദരി: അരുണിമ. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന്.