കഴക്കൂട്ടം :ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും നാം ഏറെ മുന്നേറിയിട്ടും മനുഷ്യ മനസുകളിൽ നിന്ന് ജാതിയുടെയും മതത്തിന്റേയും വേർ തിരിവുകൾ ഇല്ലാതെയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് മന്ത്രി ബിന്ദു കൃഷ്ണ. 172 - മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രീയം ജനങ്ങളെ അകറ്റുവാനുള്ള ആയുധമാകരുത്. രാഷ്ട്രീയത്തിന്റെ അന്തിമമായ ലക്ഷ്യം മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തലാണ്. ഞാനും എന്റെ കുടുംബവും നന്നായാൽ പോര
സമൂഹവും ലോകവും നന്നാവണമെന്നാണ് ഗുരുദേവ ദർശനമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളെ സംരക്ഷിക്കുന്നവരായി മാത്രം കാണാതെ തീരുമാനമെടുക്കുന്ന കേന്ദ്രങ്ങളിൽ തുല്യ പങ്കാളികളായി കാണണം. സ്ത്രീയ്ക്ക് സാമ്പത്തിക സ്വാതന്ത്രം ലഭിക്കുന്നത് ഒരു വീട്ടിലെ വരുമാനം വർദ്ധിപ്പിക്കുന്നത് മാത്രമല്ല. കുടുംബത്തിലുള്ളവർക്ക് ആത്മ വിശ്വാസം വർദ്ധിപ്പിക്കുകയും അത് സമൂഹത്തിൽ പുരോഗതി ഉണ്ടാകുകയും ചെയ്യും എന്നും മന്ത്രി കൂട്ടി ചേർത്തു.
മേയർ വി.വി.രാജേഷ് അധ്യക്ഷനായി. ശ്രീനാരായണ ഗുരു വിശ്വ സംസ്കാര ഭവൻ സെക്രട്ടറി ശങ്കരാനന്ദ സ്വാമി ,ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി , എം.വിൻസന്റ് എം എൽ എ , നഗരസഭ വിദ്യാഭ്യാസ കായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, മുൻ എംഎൽഎ വി.കെ.പ്രശാന്ത് , ചെമ്പഴന്തി എസ് എൻ കോളേജ് പ്രിൻസിപ്പൽ ജെ.ലെജി, ഡോ.ബി.രാജു, എസ്.ജ്യോതിസ് ചന്ദ്രൻ, പിന്നണി ഗായിക പ്രമീള, ആഘോഷ കമ്മിറ്റി വൈസ് പ്രസിഡൻറ് കുണ്ടൂർ എസ്.സനൽ, ആഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി.മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു.