തിരുവനന്തപുരം: യുഎസ് ടി സംഘടിപ്പിച്ച യുഎസ്ടി ട്രിവാൻഡ്രം മാരത്തണിൽ വൻ ജനപങ്കാളിത്തം. മാരത്തണിന്റെ മൂന്നാം പതിപ്പിൽ 14,000 ത്തിലധികം പേർ പങ്കെടുത്തു. പുലർച്ചെ 3.30 ന് യുഎസ്ടി ക്യാന്പസിൽ നിന്നാരംഭിച്ച മാരത്തണ്‍ നടനും സംവിധായകനുമായ ബേസിൽ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. കായിക താരങ്ങൾ, ഫിറ്റ്നസ് പ്രേമികൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ മാരത്തണിൽ പങ്കാളികളായി.
യുഎസ്ടി ട്രിവാൻഡ്രം മാരത്തണ്‍ 2026-ൽ 42.2 കിലോമീറ്റർ ഫുൾ മാരത്തണ്‍, 21.1 കിലോമീറ്റർ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റർ ഓട്ടം,അഞ്ച കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതോടൊപ്പം, കാൻസറിനെ അതിജീവിച്ച കുട്ടികൾക്കായി യുഎസ്ടി ക്യാന്പസിനുള്ളിൽ പ്രത്യേകമായി ഒരു കിലോമീറ്റർ ഓട്ടവും സംഘടിപ്പിച്ചു. യുഎസ്ടി തിരുവനന്തപുരം ക്യാന്പസിൽ നിന്ന് ആരംഭിച്ച മാരത്തണ്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് തിരികെ ആരംഭിച്ച സ്ഥലത്ത് തന്നെ അവസാനിച്ചു.
ഫുൾ മാരത്തണിലെ പുരുഷ വിഭാഗത്തിൽ ബുഹാത ശ്രീനു ഒന്നാം സ്ഥാനം കരസ്ഥമാക്കി. സന്ദീപ് വി. കൃഷ്ണ രണ്ടാമതും പ്രഥമേഷ് പ്രംകർ മൂന്നാമതും ഫിനിഷ് ചെയ്തു.
വനിതാ വിഭാഗത്തിൽ സെനൈറ്റ് ലെഷാർജ് ഒന്നാം സ്ഥാനവും അഭിലാഷ ഭഗത് രണ്ടാം സ്ഥാനവും എസ്. ദിവ്യ മൂന്നാം സ്ഥാനവും നേടി.
ഹാഫ് മാരത്തൺ പുരുഷ വിഭാഗത്തിൽ ഹിമാൻഷു പലാരിയ, ആർ.എസ്. മനോജ്, ഹുമെൻ സേനാപതി എന്നിവർ ആദ്യമൂന്നു സ്ഥാ നം നേടി. വനിതാ വിഭാഗത്തിൽ റീബ അന്ന ജോർജ് ഒന്നും ഫാത്തിമ നസ്ല രണ്ടും പ്രതീക്ഷ ചോരാംലെ മൂന്നും സ്ഥാനങ്ങൾ നേടി.