കമ്മന: ചെറുവയല്‍ രാമന് പ്രിയങ്ക ഗാന്ധി എംപിക്ക് കരുതിവച്ച സമ്മാനം വിതുമ്പലോടെ കൈമാറി ഭാര്യ ഗീത.ഇന്നലെ രാമന്റെ വീട് സന്ദര്‍ശിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും പ്രിയങ്ക എത്തിയപ്പോഴായിരുന്നു സമ്മാന കൈമാറ്റം. ജില്ലയിലെ സുഗന്ധവ്യഞ്ജനങ്ങള്‍ സമ്മാനമായി നല്‍കാമെന്ന് കഴിഞ്ഞ തവണ പ്രിയങ്ക കമ്മനയിലെത്തിയപ്പോള് രാമന് വാക്കുനല്കിയിരുന്നു.
ഇത് പാലിക്കാന്‍ അദ്ദേഹം നാടന്‍ തേനും കുരുമുളകും ഏലക്കയുമാണ് കരുതിവച്ചത്. പ്രിയങ്ക കഴിഞ്ഞ തവണ കമ്മനയില്‍ എത്തിയപ്പോഴാണ് രാമനുമായുള്ള ആത്മബന്ധം വളര്‍ന്നത്. പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം അദ്ദേഹം സൂക്ഷിച്ചുവച്ചിരുന്നു. ഇന്നലെ ചിത്രം കാണണമെന്ന് ആവശ്യപ്പെട്ട പ്രിയങ്ക അത് നിമിഷങ്ങളോളം നോക്കിക്കണ്ടു. രാമന്റെ കുടുംബാംഗങ്ങളോട് സംസാരിക്കുന്നതിനിടെ പലപ്പോഴും അവര്‍ വികാരാധീനയായി. കുടുംബത്തിന് ഏത് ആവശ്യത്തിനും തന്നെ ബന്ധപ്പെടാമെന്ന് അറിയിച്ചും ഫോണ്‍ നമ്പര്‍ കൈമാറിയുമാണ് പ്രിയങ്ക മടങ്ങിയത്.