ന്യൂഡൽഹി: പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികളെ നാലാം വർഷത്തിലേക്കു വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ഡൽഹി-എൻസിആർ (ഗാസിയാബാദ്) കാമ്പസിൽ എബിവിപി പ്രവർത്തകരുടെ ഉപരോധം. മൂന്നാം വർഷ പരീക്ഷയിൽ പരാജയപ്പെട്ട 13 നിയമ വിദ്യാർഥികളെ നാലാം വർഷത്തിലേക്ക് പ്രമോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു വെള്ളിയാഴ്ച ഉച്ചയ്ക്കാണ് എബിവിപി പ്രവർത്തകർ കാമ്പസിൽ അതിക്രമിച്ചു കയറി പ്രതിഷേധിച്ചത്.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സർവകലാശാല അധികൃതർ പോലീസിൽ പരാതി നൽകി. ഗേറ്റ് തകർത്ത് കാന്പസിനുള്ളിൽ കടന്ന 25ഓളം പേരടങ്ങുന്ന സംഘം വനിത സുരക്ഷാ ജീവനക്കാരെ ആക്രമിച്ചെന്നും പൂച്ചട്ടികൾ ഉൾപ്പെടെ നശിപ്പിച്ചെന്നും പരാതിയിലുണ്ട്.
കാമ്പസിലേക്കുള്ള പൊതുവഴി തടസപ്പെടുത്തിയ പ്രതിഷേധക്കാർ മറ്റു വിദ്യാർഥികളെ ഒരു മണിക്കൂറോളം കാമ്പസിനുള്ളിൽ തടഞ്ഞുവച്ചതായും ആരോപണമുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോളജ് അധികൃതർ ആവശ്യപ്പെട്ടിട്ടും പോലീസ് ഇതുവരെ അതിനു തയാറായില്ലെന്നാണ് വിവരം. സുരക്ഷയ്ക്കായി കാമ്പസ് പരിസരത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഒന്നും രണ്ടും വർഷ പരീക്ഷകളിൽ പരാജയപ്പെടുകയും തുടർന്നു മൂന്നാംവർഷ പരീക്ഷ യിലും ആറു മുതൽ എട്ടുവരെ വിഷയങ്ങളിൽ തോൽക്കുകയും ചെയ്ത 13 വിദ്യാർഥികൾക്കുവേണ്ടിയായിരുന്നു എബിവിപിയുടെ പ്രതിഷേധം.
എന്നാൽ, പ്രതിഷേധിച്ചവരാരും കോളജിലുള്ളവരല്ല. ഹാജർനിലയിലും പ്രൊമോഷൻ നിയമങ്ങളിലും സർവകലാശാലയെ സമ്മർദത്തിലാക്കി ഇളവ് ലഭിക്കാൻ വിദ്യാർഥികൾ പുറത്തുനിന്ന് ആളുകളെ ഇറക്കിയതായി കോളജ് അധികൃതർ ആരോപിച്ചു.
കോളജ് ബസുകളുടെയടക്കം ഗതാഗതം തടസപ്പെടുത്തിയുള്ള പ്രതിഷേധത്തിൽ മറ്റു വിദ്യാർഥികൾ ഭീതിയിലാണെന്നും കോളജ് അധികൃതർ വ്യക്തമാക്കി.
അതേസമയം സർവകലാശാലയുടെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്ന് മറ്റു വിദ്യാർഥികൾ പ്രതിഷേധക്കാരോടു പറയുന്ന വീഡിയോയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി യൂണിവേഴ്സിറ്റി അറിയിച്ചു. അടുത്തയാഴ്ചയോടെ സമിതി റിപ്പോർട്ട് സമർപ്പിക്കും.