കൊച്ചി: ഷാർജയിൽ മരിച്ച എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യയുടെ (31) മൃതദേഹം ഇന്ന് രാത്രി എയർ അറേബ്യ ഫ്ലൈറ്റിൽ ഷാർജ വിമാനത്താവളം വഴി കൊച്ചിയിലേക്ക് കൊണ്ട് പോകും. കഴിഞ്ഞ മാസം ഏഴിനാണു സുമയ്യ ഷാർജയിലെ കുവൈത് ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടത്.
വിസിറ്റിംഗ് വിസയിൽ ആയതിനാൽ കമ്പനി ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പണം ഇല്ലാത്തതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നാട്ടിലുള്ള എറണാകുളം വാരാപ്പുഴ സ്വദേശി ഭർത്താവ് ഷമീറും കുടുംബവും ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് ഷാർജയിലെ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയുമായി ബന്ധപ്പെടുകയും എല്ലാവിധ നിയമ നടപടികൾ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ചെലവായ 6,000 ദിർഹം (ഒരു ലക്ഷത്തി അമ്പതിനായിരം ഇന്ത്യൻ രൂപ) സലാം പാപ്പിനിശേരി നൽകുകയുമായിരുന്നു.
ഒരു മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ സുമയ്യയുടെ മൃതദേഹം ജന്മനാട്ടിലെത്തിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം. ഹൃദയാഘാതമാണ് സുമയ്യയുടെ മരണത്തിനു കാരണം. ദമ്പതികൾക്ക് പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളുണ്ട്.