തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന, ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർദേശിച്ചു.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് നടപടികൾ കാരണം തദ്ദേശസ്ഥാപനങ്ങളുടെ വിവിധ പ്രവർത്തനങ്ങളിൽ സ്വാഭാവികമായ മന്ദഗതി ഉണ്ടായതായി മന്ത്രി വിലയിരുത്തി. ഈ സാഹചര്യം മറികടന്ന് എല്ലാ പദ്ധതികളും പൂർണതോതിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക പ്രവർത്തനപദ്ധതി തയാറാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
യോഗത്തിൽ ശുചിത്വ മിഷൻ, ക്ലീൻ കേരള കന്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് എന്നിവയുടെ പ്രവർത്തന പുരോഗതി സംബന്ധിച്ച വിശദമായ അവതരണങ്ങൾ നടന്നു. മാലിന്യ സംസ്കരണ രംഗത്തെ നിലവിലെ നേട്ടങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, നേരിടുന്ന വെല്ലുവിളികൾ, ഭാവി പ്രവർത്തന പദ്ധതികൾ എന്നിവ യോഗം വിശദമായി വിലയിരുത്തി.
പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സെക്രട്ടറി ടി.വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ഡയറക്ടർ (അർബൻ) സൂരജ് ഷാജി, ഡോ. ബിനു ഫ്രാൻസിസ്, ദിവ്യ എസ്. അയ്യർ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.