റോം: സീറോമലങ്കര കത്തോലിക്കാ സഭയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ. സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ് - യുകെ കൺവൻഷൻ, ജൂൺ 13ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, സഭയുടെ പിതാവും തലവനുമായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ ആരംഭിച്ചു.
തുടർന്ന്, ജൂൺ 15ന്, വത്തിക്കാനിൽ വച്ച് ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച അനുവദിക്കുകയും സന്ദേശം നൽകുകയും ചെയ്തു. പൗരസ്ത്യ സഭാ പാരമ്പര്യത്തിലുള്ള, സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷനിൽ, സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന, സഭാ പ്രതിനിധികളും സഭയുടെ പിതാവും തലവനുമായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും മറ്റു സഭാധ്യക്ഷന്മാരുമായി ജൂൺ 15ന്, ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തുകയും സഭയുടെ പാരമ്പര്യത്തെയും ആരാധന ക്രമ സമ്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.
സന്ദേശത്തിന്റെ ആരംഭത്തിൽ, കൂടിക്കാഴ്ചയുടെ ദിവസം തന്നെ, 67-ാം പിറന്നാൾ ആഘോഷിക്കുന്ന സഭ തലവന് മാർപാപ്പ പ്രത്യേകം ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആശംസകളും മാർപാപ്പ നേർന്നു. യൂറോപ്പിൽ താമസിക്കുന്ന സീറോമലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്തതിയോസിനും മാർപാപ്പ ആശംസകൾ അർപ്പിച്ചു.
1932 ജൂൺ 11ന് പതിനൊന്നാം പീയൂസ് മാർപാപ്പ, സീറോമലങ്കര സഭാ ഹയരാർക്കി സ്ഥാപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച "ക്രിസ്തോ പാസ്തോറും' എന്ന അപ്പസ്തോലിക രേഖ ആരംഭിക്കുന്നത്, ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് മാർപാപ്പ എടുത്തുപറഞ്ഞു. അതിനാൽ പത്രോസിന്റെ പിൻഗാമിയുമായുള്ള സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാൻ നിരവധി വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും പ്രത്യേകമായി ബഥനി സന്യാസസഭയെയും നയിച്ച, ധന്യൻ മാർ ഇവാനിയോസ്, മാർ തെയോഫിലസ് എന്നിവരെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാമെന്നും മാർപാപ്പ പറഞ്ഞു.