ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ജലക്ഷാമത്തിനു കാരണം ബാഷ്പീകരണമാണെന്ന വാദവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. "നമ്മളിലേക്ക് വരുന്ന വെള്ളം ഇടയിൽവച്ച് ബാഷ്പീകരിക്കപ്പെടുന്നുവെന്നും അതിനാൽ ജലക്ഷാമം ഉണ്ടാകുന്നുവെന്നു’മായിരുന്നു ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കവെ രേഖ ഗുപ്ത ജലക്ഷാമത്തെപ്പറ്റി നടത്തിയ പരാമർശം. ബിജെപി മുഖ്യമന്ത്രിയുടെ പരാമർശങ്ങളിലെ യുക്തി സമൂഹമാധ്യമങ്ങളിലടക്കം ട്രോൾ മഴയ്ക്കു കാരണമാകുകയാണ്.
ഡൽഹിയിൽ കനത്ത ചൂട് ജനങ്ങളുടെ ദൈനംദിന ജീവിതങ്ങളെ ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. മുഖ്യമന്ത്രിയുടെ പരാമർശമടങ്ങുന്ന വീഡിയോ എക്സിൽ പങ്കുവച്ച എഎപി നേതാവ് സൗരഭ് ഭരദ്വാജ്, നീരാവി ദ്രാവകമായി മാറുന്ന പ്രക്രിയയായ സാന്ദ്രീകരണമായിരിക്കണം ഇതിനുള്ള പരിഹാരമെന്നാണ് പരിഹസിച്ചത്. ജലക്ഷാമത്തിന് ബാഷ്പീകരണത്തെ പഴിക്കുന്ന മുഖ്യമന്ത്രി ഡൽഹിയുടെ വെള്ളക്കെട്ട് പ്രശ്നത്തിനു മഴക്കാലത്തെയും വായുമലിനീകരണത്തിനു ശൈത്യകാലത്തെയും പഴിക്കുമെന്നായിരുന്നു സമൂഹമാധ്യമത്തിലെ ചില ഉപയോക്താക്കളുടെ കമന്റുകൾ.