തൊടുപുഴ: ആലക്കോട് പഞ്ചായത്തിലെ ഇടികെട്ടിപാറയിലെ ഒന്‍പതു കുടുംബങ്ങള്‍ കുടിയിറക്കു ഭീഷണിയില്‍. പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്ന കുടുംബങ്ങള്‍ക്കാണ് കുടിയിറക്കുഭീഷണി ലഭിച്ചത്. സ്വകാര്യവ്യക്തിയുടെ പേരിലുള്ള മിച്ചഭൂമിയാണെന്നു ചൂണ്ടിക്കാട്ടിയുള്ള കേസിനെത്തുടര്‍ന്നാണ് ഇവരെ കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവുണ്ടായത്.
അര നൂറ്റാണ്ടു കാലമായി സ്ഥിരതാമസക്കാരാവര്ക്കു കിടപ്പാടം ഉള്‍പ്പെടെ നഷ്ടപ്പെടുമെന്ന അവസ്ഥയാണുള്ളത്. സ്വകാര്യവ്യക്തി സബ് കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്തുനിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ക്കു കോടതിയില്‍നിന്ന് ഉത്തരവ് ലഭിച്ചത്. ഇവര്‍ താമസിക്കുന്ന സ്ഥലവും വീടും സ്വകാര്യവ്യക്തിയുടെ പേരില്‍ തീറാധാരമുള്ളതും അദ്ദേഹത്തിന്റെ കൈവശത്തിലും കരം തീരുവയിലും ഉള്ളതാണെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍നിന്ന് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ഇക്കാര്യങ്ങള്‍ ഇവരോടു പറഞ്ഞത്.
സാധാരണക്കാരും കൂലിപ്പണിക്കാരുമായ തങ്ങളുടെ പൂര്‍വികരുള്‍പ്പെടെ താമസിച്ചുപോരുന്ന സ്ഥലത്തുനിന്നാണ് പെട്ടെന്ന് ഇറങ്ങാന്‍ പറഞ്ഞിരിക്കുന്നതെന്നും ഇതു വേദനാജനകമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവര്‍ക്കാണ് കുടിയിറക്കു നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ഒരുകാരണവശാലും ഇവരെ ഇറക്കിവിടാന്‍ അനുവദിക്കില്ലെന്നും പഞ്ചായത്ത് മെംബര്‍ ടോമി തോമസ് കാവാലം പറഞ്ഞു.
വീടും സ്ഥലവും കൈവിട്ടുപോകുന്ന അവസ്ഥ ഉണ്ടാവരുതെന്നും ഇവിടെത്തന്നെ താമസിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ഈ കുടുംബങ്ങളുടെ ആവശ്യം.