തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു ചുമതലയുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ ശിപാർശ ചെയ്ത ഫയലിൽ ഗവർണർ ആർ.വി. അർലേക്കർ മടങ്ങിയെത്തിയശേഷം തീരുമാനമെടുക്കും. ചെന്നൈയിലുള്ള ഗവർണർ നാളെ രാജ്ഭവനിൽ മടങ്ങിയെത്തും.
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറായി ജില്ലാ ജഡ്ജിയായി വിരമിച്ച ശേഷാദ്രിനാഥനെ കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭായോഗം ഗവർണറോടു ശിപാർശ ചെയ്തിരുന്നു. വിരമിച്ച ജഡ്ജിയായതിനാൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതി ആവശ്യമില്ല. മറ്റു സങ്കീർണ പ്രശ്നങ്ങളോ പരാതികളോ നിലവിലില്ലാത്ത സാഹചര്യത്തിൽ നിയമനം ഗവർണർ അംഗീകരിച്ചേക്കും.