ഇരിങ്ങാലക്കുട: അപകടങ്ങള്‍ അനേകമുണ്ടാകുമ്പോഴും ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂര്‍ റോഡില്‍ സുരക്ഷയൊരുക്കാന്‍ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തെരുവിലിറങ്ങി.
ചേലൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേലൂര്‍ ജംഗ്ഷനില്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പുനല്‍കി. അമിതവേഗതമൂലം ഇനിയൊരപകടം ഉണ്ടായാല്‍ പ്രതിഷേധം ശക്തമാകുമെന്നും ജനങ്ങളുടെ ജീവനു സുരക്ഷനല്‍കണമെന്നും നാട്ടുകാര്‍ ഡ്രൈവര്മാരേടു പറഞ്ഞു. പൗരസമിതി ചെയര്മാന് സോമന് വര്‍ഗീസ്, കണ്‍വീനര്‍ കെ.എം. സന്തോഷ്, നഗരസഭ കൗണ്‍സിലര്‍ കെ.എസ്. പ്രസാദ് എന്നിവര്‍ നേതൃത്വംനല്കി.
ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജംഗ്ഷനില്‍ പ്രതിഷേധജാഥ നടത്തി. ജില്ലാ ഉപാധ്യക്ഷന്‍ ലോചനന്‍ അമ്പാട്ട് ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ സെക്രട്ടറി വിപിന്‍ പാറമേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഉണ്ണി പൂമംഗലം, ജില്ലാ കമ്മിറ്റി അംഗം അജയകുമാര്‍, പൂമംഗലം പഞ്ചായത്തംഗം അശ്വതി, സുനില്‍ കുമാര്‍,മീന അനില്‍കുമാര്‍, ലിന്റോ ബേബി ഊക്കന്‍ തുടങ്ങിയവര്‍ നേതൃത്വംനല്കി.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലാണ് ഈ റൂട്ടിലുള്ളത്. പ്രതിഷേധവുമായി ഇറങ്ങുന്ന നാട്ടുകാര്‍ക്കെതിരേ, നിയമം കെെയിലെടുക്കരുതെന്ന താക്കീതുമായി പോലീസ് രംഗത്തിറങ്ങുകയാണെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. മറികടക്കുമ്പോള്‍ മറ്റുവാഹനങ്ങളോട് ചേര്‍ന്നുപോകുകയും മറികടക്കാന്‍ അനുവദിക്കാത്ത വാഹനങ്ങളെ നീട്ടി ഹോണ്‍ മുഴക്കിയും ശകാരിച്ചും ഭയപ്പെടുത്തിയും എങ്ങനെയും പോകാന്‍ വഴിയുണ്ടാക്കുകയാണ് ഡ്രൈവര്‍മാരുടെ രീതി. ഏതുവഴി, എപ്പോള്‍ വരണമെന്നെല്ലാം ഡ്രൈവര്‍ തീരുമാനിക്കും എന്നതാണ് രീതി. ഇക്കാരണം കൊണ്ടാണ് ബസുകളുടെ മത്സരയോട്ടം കൂടുന്നത്. ബസുകളുടെ റണ്ണിംഗ് സമയം കൂട്ടാത്തതും സ്വകാര്യബസുകള്‍ക്ക് നിയന്ത്രണമില്ലാതെ പെര്‍മറ്റ് നല്കുന്നതുമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. ഞായറാഴ്ച അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവറെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.
അപകടമുണ്ടായ സമയത്ത് ബസില്‍നിന്നു ഇറങ്ങിയോടി രക്ഷപ്പെടുകയാണ് ഡ്രൈവര്ചെയ്തത്. അപകടത്തില്‍പ്പെട്ട ബസ് സംഭവസ്ഥലത്തുനിന്നും ഉടന്‍ മാറ്റുകയുംചെയ്തു. പരിശോധനകള്‍ കര്‍ശനമാക്കുമെന്നു മാത്രമാണ് പോലീസ് പറയുന്നത്.